പത്തനംതിട്ട : വീടിന് സമീപം വഴിയരികിൽ ബോധരഹിതയായി കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ മൊഴിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പത്തനംതിട്ട പൊലീസ്. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീടിനു സമീപം ബോധരഹിതയായി കണ്ടെത്തിയത്. സ്കൂൾ വിട്ടു മടങ്ങുംവഴി റോഡിൽ വച്ച് ആരോ ബലമായി നനവുള്ള തുണികൊണ്ട് മുഖം പൊത്തിയെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി.
പെൺകുട്ടി വഴിയരികിൽ കിടക്കുന്നതു കണ്ട ഓട്ടോറിക്ഷ ഡ്രൈവർമാർ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് സ്കൂളിൽ വിവരമറിയിച്ചു. സ്കൂൾ അധികൃതരെത്തി പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചകാര്യം പെൺകുട്ടി പറഞ്ഞത്. പൊലീസ് അന്വേഷണം തുടങ്ങി.