1
ഇന്നലെ സന്ധ്യയോടെ വെണ്ണിക്കുളം - മല്ലപ്പള്ളി റോഡിലുണ്ടായ ഗതാഗതക്കുരുക്ക്..

മല്ലപ്പള്ളി : വെണ്ണിക്കുളത്തെ തിരക്കേറിയ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വാഹനങ്ങൾ തോന്നുംപടി പോകുന്നതും, സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതും അനധികൃത പാർക്കിംഗുമാണ് വെണ്ണിക്കുളത്തെ ട്രാഫിക്ക് കുരുക്കിന് പ്രധാന കാരണം. ഇവിടെ പൊലീസിന്റെയോ ഹോം ഗാർഡിന്റെ സേവനമില്ലെന്ന പരാതിയുണ്ട്. ഇതിനോടകം ചെറിയ അപകടങ്ങൾ ഒട്ടേറെ നടന്നിട്ടുണ്ട്. എഴുമറ്റൂർ മേഖലയിൽനിന്ന് പാറക്കല്ലും മെറ്റിലുമായി എത്തുന്ന ടിപ്പർലോറികളും ബസുകളും ഉൾപ്പെടെ അനവധി വാഹനങ്ങളാണ് ജംഗ്ക്ഷനിലൂടെ കടന്നുപോകുന്നത്. ഗവ.പോളിടെക്നിക്കിലും എയ്ഡഡ് അൺ എയ്ഡഡ്സ്കൂളുകളിലും ക്ലാസുകളുള്ളപ്പോൾ വിദ്യാർത്ഥികളുടെ തിരക്കാണ് രാവിലെയും വൈകുന്നേരങ്ങളിലും. വാളക്കുഴി റോഡിന്റെ തുടക്കഭാഗത്ത് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നതും സുഗമമായ യാത്രയ്ക്ക് തടസമാകാറുണ്ട്. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.

റോഡിന്റെ മദ്ധ്യഭാഗം സ്റ്റോപ്പാക്കി ബസുകൾ

വെണ്ണിക്കുളം ജംഗ്ഷനിൽ നാല് ബസ് സ്റ്റോപ്പുകളും സ്വകാര്യ വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. ബസ് കയറുന്നതിനും, പുറത്തേയ്ക്ക് ഇറങ്ങുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന പരാതി വ്യാപകമാണ്. വീതി കുറവായ റോഡിന്റെ തുടക്കഭാഗങ്ങളിലും സമീപത്തും നാല് വശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുവിന് ഇടയാക്കുന്നുണ്ട്. നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഇത് കണ്ട മട്ടില്ല. പലപ്പോഴും ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും നീണ്ട നിരയാണ് ഇവിടെ. ഇതിനുപുറമേ കടകളിൽ സാധനം എത്തിക്കുന്നതിന് സെയിൽ വാനുകളും എത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും.

.....................

സ്കൂൾ പ്രവർത്തി സമയത്തിന് മുൻപും ശേഷവുമാണ് ഗതാഗതക്കുരുക്ക് കൂടുതലായി അനുഭവപ്പെടുന്നത്. അലക്ഷ്യമായ പാർക്കിംഗാണ് ബസുകളുടെ സുഗമമായ സഞ്ചാരത്തിന് തടസമാകുന്നത്.അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.

(ബസ് ഡ്രൈവേഴ്സ് )