pamba
പമ്പാനദിയുടെ തീരം ഇടിഞ്ഞ നിലയിൽ

ചെങ്ങന്നൂർ: പമ്പ, അച്ചൻകോവിലാർ നദികളുടെ തീരസംരക്ഷണത്തിനു തയാറാക്കിയ എട്ടു കോടിയുടെ പദ്ധതിക്ക് അംഗീകാരമായില്ല. തുലാവർഷമെത്തുമ്പോൾ തീരമിടിയൽ വീണ്ടും രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ സംരക്ഷണഭിത്തി നിർമ്മാണമടക്കമുള്ള പ്രവർത്തനങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി. ജലസേചനവകുപ്പാണു പദ്ധതിക്ക് അംഗീകാരം നൽകേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് പദ്ധതിക്ക് അംഗീകാരം കൊടുക്കുന്നത് വൈകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിക്ക് അംഗീകാരം ലഭിക്കേണ്ടതായിരുന്നു. അടങ്കൽത്തുക പുതുക്കിയപ്പോഴാണ് എട്ടുകോടിയിലെത്തിയത്. പ്രളയം രൂക്ഷമായി ബാധിച്ച പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലാണ് തീരശോഷണം കൂടുതലായിട്ടുള്ളത്. ഇതിനോടകം ഓരോ കുടുംബത്തിനും അരയേക്കറിലും മുക്കാൽ ഏക്കറിലും ഏറെ വിസ്തീർണം ഉണ്ടായിരുന്ന ഭൂമി ഇപ്പോൾ തിട്ടയിടിഞ്ഞ് അളവിൽ നേർപകുതിയായി. പാണ്ടനാട് പഞ്ചായത്ത് 13ാം വാർഡിൽ അരക്കിലോമീറ്റർ നീളത്തിലാണ് പമ്പയുടെ തീരമിടിഞ്ഞത്. ഈ ഭാഗത്തെ വീടും പുരയിടവുമെല്ലാം മറ്റൊരു ദുരന്തത്തെ മുഖാമുഖം നേരിടുകയാണിപ്പോൾ.

വീടുകൾക്ക് ബലക്ഷയം

വർഷാവർഷം വെള്ളപ്പൊക്കത്തിൽ തിട്ടയിടിഞ്ഞ് പുഴയിലേക്ക് ഇറങ്ങുന്നതിനാൽ വീടുകളുടെ അസ്തിവാരത്തിനും ബലക്ഷയമാണ്. ഭിത്തികൾ പൊട്ടുകയും തറ ഇരുത്തുകയും ചെയ്തിട്ടുണ്ട്. അടിയിലെ മണ്ണു നദിയെടുക്കുന്നതാണ് ബലക്ഷയത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തീര സംരക്ഷണഭിത്തികെട്ടി ബലപ്പെടുത്തിയാൽ മാത്രമേ പ്രശ്‌നത്തിനു പരിഹാരമാകൂ എന്നാണു പ്രദേശവാസികൾ പറയുന്നത്.

ഫണ്ടില്ല, തോടുകളിലെ ആഴംകൂട്ടൽ നിറുത്തി


തോടുകളുടെ ആഴംകൂട്ടൽ ജോലികൾ ഫണ്ടില്ലാതെ സ്തംഭിച്ചിരിക്കുകയാണ്. ചെറുകിട ജലസേചന വകുപ്പിനു തോടുകൾ ആഴം കൂട്ടാൻ അനുവദിച്ചത് ഒരുകോടി രൂപയാണ്. പ്രളയം രൂക്ഷമായി ബാധിച്ച പാണ്ടനാട് പഞ്ചായത്തിൽ ഇല്ലിമലയാറിന്റെ നവീകരണവും കടലാസിലാണ്. പമ്പാനദിയെ അച്ചൻകോവിലാറിന്റെ കൈവഴിയായ കുട്ടമ്പേരൂർ ആറുമായി ബന്ധിപ്പിക്കുന്ന ഇല്ലിമലയാറ്റിലെ തടസങ്ങൾ തീരങ്ങളിൽ വെള്ളപ്പൊക്കത്തിനു കാരണമായേക്കുമെന്നു പ്രദേശവാസികൾ പറയുന്നു.

.............

തുലാവർഷമെത്തുമ്പോൾ വീണ്ടും തീരമിടിയാൻ സാദ്ധ്യതയുണ്ട്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.

സജി പാണ്ടനാട്

(സ്ഥലവാസി )

............................

8 കോടിയുടെ പദ്ധതി

.............

1. ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ ആഴം കൂട്ടേണ്ടത് 21തോടുകൾ

2. തിരുവൻവണ്ടൂർ പഞ്ചായത്തിൽ 7തോടുകൾ