college-
സി എഫ് ആർ ഡി എം ഡി പി ബി നൂഹ് കോന്നി സി എഫ് ആർ ഡി കോളേജ് സന്ദർശിക്കുന്നു

കോന്നി : പെരിഞ്ഞൊട്ടക്കലിലെ സി.എഫ്.ആർ.ഡി കോളേജിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആറുമാസത്തിനുള്ളിൽ ഒരുക്കുമെന്ന് സി.എഫ്.ആർ.ഡി.സി എം. ഡി പി.ബി നൂഹ് പറഞ്ഞു. മന്ത്രി ജി.ആർ.അനിലിന്റെ നിർദ്ദേശപ്രകാരം കോളേജ് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലേക്ക് അടിസ്ഥാനപരമായ കാര്യങ്ങൾ വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഫർണീച്ചറുകൾ, കമ്പ്യൂട്ടറുകൾ, കുടിവെള്ളം,പ്രൊജക്റ്റർ തുടങ്ങി ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കും. ഒരു കോടി ഇരുപത് ലക്ഷം രൂപ കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപെടുത്തുന്നതിനായി ധനകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ പൂർത്തിയായിവരുന്നു. പഴയ കോളേജ് കെട്ടിടം കാടുകയറിക്കിടക്കുന്ന അവസ്ഥയിലാണ്. ഈ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ഇവിടെ നടക്കേണ്ട ക്ലാസുകൾ എം.ബി.എക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.പഴയ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ട്. ഇതും പരിഹരിക്കണം. ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്. ഇതും ഉടൻ നടപ്പാക്കും. ലാബിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.3 0 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഈ വർഷം തീർപ്പാക്കാൻ കഴിയാത്ത ചില പ്രശ്നങ്ങളുമുണ്ട്. കോളേജിന് ചുറ്റും വേലി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണിത്. അധികം കാലതാമസം കൂടാതെ ഇതും നടപ്പാക്കും. പരിസരത്തെ കാടുകൾ തെളിക്കുന്നതിനും ടോയ്‌ലെറ്റ് സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സി.എഫ്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ ഡോ.ഹരീഷ്, സി.എഫ്.ആർ.ഡി ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.