brahmins
മണിപ്പൂഴയിൽ തമിഴ് ബ്രാഹ്‌മണ സമൂഹ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു

തിരുവല്ല : നവരാത്രി ഉത്സവാഘോഷങ്ങൾക്ക് നിറപ്പകിട്ടായി ബൊമ്മക്കൊലു ഒരുങ്ങി. ബ്രാഹ്മണ സമൂഹമഠങ്ങളിലും വീടുകളിലുമാണ് ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷിക്കുന്നത്. മണിപ്പുഴയിലെ ബ്രാഹ്മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു കാണാനും തിരക്കേറെയാണ്. ബൊമ്മൻ അഥവാ ദേവി ദേവന്മാരുടെ പ്രതിമകൾ ആചാരപൂർവം തടികൊണ്ടുള്ള വിവിധ തട്ടുകളിൽ ശുഭ്രവസ്ത്രം വിരിച്ച് ക്രമീകരിക്കുന്നതാണ് ബൊമ്മക്കൊലു. മഹിഷാസുര മർദ്ദനത്തിൽ ക്ഷുഭിതയായ ദേവിയുടെ കോപം ശമിപ്പിക്കുന്നതിനാണിത് ഒരുക്കുന്നതെന്നാണ് ഐതീഹ്യം. നവരാത്രിയിലെ ഒൻപത് ദിവസങ്ങളെ പ്രതിനിധീകരിച്ച് ഒൻപത് തട്ടുകളിലാണ് ബൊമ്മക്കൊലു അടുക്കിവയ്ക്കുന്നത്. നവരാത്രിയുടെ തുടക്കനാളിൽ വൃത്തിയാക്കിയ മുറിയിൽ കുടുംബാംഗങ്ങളെല്ലാം ചേർന്ന് ബൊമ്മക്കൊലു വയ്ക്കും. ആദ്യം പൂർണ്ണകുംഭവും പിന്നീട് ഗണപതിയെയും പ്രതിഷ്ഠിക്കുന്നു. അതിനുശേഷം മറ്റു ദേവീദേവന്മാരെയും തട്ടുകളിൽ ഒരുക്കിവയ്ക്കും. കളിമണ്ണിൽ തീർത്ത രൂപങ്ങളാണ് മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ പ്ലാസ്റ്റിക്കിലും പ്ലാസ്റ്റർ ഒഫ് പാരീസ് ബിംബങ്ങളുമാണ് ഏറെയും. പഴയകാലത്ത് വിധവകൾക്ക് നൈവേദ്യം പോലും നൽകിയിരുന്നില്ല. എന്നാൽ അതിന് മാറ്റം വന്നിട്ടുണ്ട്. പൂജയിൽ പങ്കെടുക്കുന്ന സ്ത്രീകൾ പതിനെട്ട് മുഴം ചേല ധരിച്ചിരിക്കണം. ഒൻപത് ദിവസവും വിവിധതരം പലഹാരങ്ങൾ ഉണ്ടാക്കിയും പ്രത്യേക പൂജയുണ്ട്. നവരാത്രിയിലെ ആദ്യ മൂന്നുനാൾ ദുർഗയ്ക്കും തുടർന്ന് മൂന്നുനാൾ ലക്ഷ്മിക്കും അവസാനത്തെ മൂന്നുനാൾ സരസ്വതി ദേവിയെയുമാണ് പൂജിക്കുക. പൂജയ്ക്കുശേഷം പ്രസാദ വിതരണവും ഉണ്ടാകും. ആഘോഷങ്ങളുടെ ഭാഗമായി നവരാത്രികളിൽ സംഗീതസഭകളും മറ്റു പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ബൊമ്മക്കൊലുവിന്റെ പാരമ്പര്യ ചിട്ടവട്ടങ്ങൾ അണുവിട തെറ്റാതെ ഇന്നും പാലിക്കപ്പെടുന്നു.