പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ പുറത്താക്കി. അഡ്മിനിസ്‌ട്രേറ്റർക്ക് താത്കാലിക ചുമതല നൽകി. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിടാനുള്ള കാരണമായി ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിലുള്ളത്.
സഹകരണ വകുപ്പ് കോഴഞ്ചേരി അസി. രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നടപടി. കോഴഞ്ചേരി അസി. രജിസ്ട്രാർ ഓഫീസിലെ വള്ളിക്കോട് യൂണിറ്റ് ഇൻസ്‌പെക്ടർക്കാണ് താത്കാലിക അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല.
സാമ്പത്തിക ക്രമക്കേടിൽ പങ്കാളികളായിട്ടുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യു, ബ്രാഞ്ച് മാനേജർ ഷാജി ജോർജ് എന്നിവർക്ക് സഹായകരമായ നടപടി സ്വീകരിച്ചുവെന്നതാണ് പ്രധാന കണ്ടെത്തൽ. ജോഷ്വാ മാത്യുവിന് അനുകൂലമായി കഴിഞ്ഞിടെ മനുഷ്യാവകാശ കമ്മിഷനിൽ നിന്നു വിധി വന്നിരുന്നു. ഇദ്ദേഹത്തിന്റെ സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്നതായിരുന്നു വിധി. എന്നാൽ കമ്മിഷനിൽ ഇതുമായി ബന്ധപ്പെട്ട കാരണം അറിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതായി പറയുന്നു. സംഘത്തിലെ യന്ത്രസാമഗ്രികൾ, വാഹനങ്ങൾ എന്നിവ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചില്ല, ബാങ്കിലെ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിലടക്കം നൽകിയിട്ടുള്ള ഉറപ്പ് പാലിച്ചില്ല, ഭരണസമിതി തിരഞ്ഞെടുപ്പിനാവശ്യമായ നടപടികളുണ്ടായില്ല എന്നിങ്ങനെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് കോഴഞ്ചേരി അസി. രജിസ്ട്രാർ ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയത്.ആറു മാസത്തിനുള്ളിൽ താത്കാലിക അഡ്മിനിസ്‌ട്രേറ്റർ ഭരണ സമിതി തിരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറണമെന്ന് ഉത്തരവിൽ പറയുന്നു.