ചെങ്ങന്നൂർ: ഒരുകാലത്ത് കെ.എസ്.ആർ.ടി.സിയുടെ കുത്തകയായിരുന്നു മാന്നാർ- ചെങ്ങന്നൂർ റൂട്ട്. പക്ഷേ ഇപ്പോൾ ഇവിടെ കെ.എസ്.ആർ.ടിസി ബസുകൾ കണികാണാൻ പോലുമില്ല. എല്ലാം സ്വകാര്യ ബസുകൾ. മാന്നാറിൽ നിന്ന് ബുധനൂർ, പുലിയൂർവഴി താലൂക്ക് ആസ്ഥാനമായ ചെങ്ങന്നൂരിലേക്ക് പോകേണ്ടവർ മറ്റുസ്ഥലങ്ങളിലൂടെയാണ് പോകുന്നത്.
ഹരിപ്പാട്, മാന്നാർ, വലിയപെരുമ്പുഴകടവ്, പരുമലനാക്കട, വള്ളക്കാലി, തേവേരി, ആലപ്പുഴതുടങ്ങിയ സർവീസുകളാണ് കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് നേരത്തെഉണ്ടായിരുന്നത്. ഇവയ്ക്ക് പകരമായി വന്ന സ്വകാര്യബസ് പതിവായി പുലർച്ചയും രാത്രിയിലുമുള്ള ട്രിപ്പുകൾ മുടക്കുന്നതോടെ യാത്രാക്ളേശം രൂക്ഷമാണ്. ഒരു ഉടമയുടെ അഞ്ചെണ്ണം ഉൾപ്പെടെ പത്തിലേറെ സ്വകാര്യ ബസുകളാണ് ഇതുവഴി ഓടുന്നത്. ഒരു ഉടമയുടെ പല സമയത്തായി ഓടേണ്ട മൂന്നും നാലും ബസിനുപകരം ഇതിന്റെയെല്ലാ സമയവും ക്രമീകരിച്ച് ഒരെണ്ണം അയയ്ക്കുന്നതാണ് പ്രശ്നമെന്ന് നാട്ടുകാർ പറയുന്നു.
നിത്യേന മൂന്നുതവണയിലേറെ മാന്നാറിലേക്ക് വന്നുപോകുന്ന പത്തനംതിട്ട റാന്നി, പന്തളം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ട്രിപ്പുകൾ മുടക്കുന്നതിനാൽ യാത്രക്കാർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
സന്ധ്യകഴിഞ്ഞാൽ യാത്രക്കാർ പെരുവഴിയിൽ
സന്ധ്യകഴിഞ്ഞാൽ ചെങ്ങന്നൂരിൽനിന്ന് മാന്നാറിലേക്ക് വരുന്ന ബസുകൾ യാത്രക്കാർ കുറവാണെങ്കിൽ ബുധനുരിലോ, മാന്നാർ ട്രാഫിക് ജംഗ്ഷന് രണ്ടുകിലോമിറ്റർ പിറകിൽ സ്റ്റോർമുക്കിലോ യാത്ര അവസാനിപ്പിക്കുകയാണ്. ഇതു കാരണം മാന്നാറിലേക്ക് പോകേണ്ട യാത്രക്കാർക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്
ചെങ്ങന്നൂർ ,ബുധനൂർ, മാന്നാർ, പാണ്ടനാട് വഴി ചെങ്ങന്നൂരിലേക്കും തിരിച്ചും രണ്ട് സർക്കുലർ കെ.എസ്.ആർ.ടി.സി സർവിസുകൾ ഉണ്ടായിരുന്നത് ആറുവർഷം മുമ്പ് നിലച്ചു. ചെങ്ങന്നൂർ, ബുധനൂർ, കടമ്പൂർ, പരുമല വഴി ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലേക്ക് ബസുണ്ടായിരുന്നത് മൂന്നുവർഷം മുമ്പ് നിന്നു. നിലവിൽ രാവിലെ 4.50ന് ചെങ്ങന്നൂരിൽനിന്ന് ബുധനൂർവഴി എറണാകുളം അമൃത ആശുപത്രിയിലേക്കും വൈകിട്ട് ആറിന് തിരിച്ചും ഒരു ഫാസ്റ്റ് പാസഞ്ചർ സർവീസ് മാത്രമാണ് സർക്കാർ വകയായുള്ളത്.
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യാൻ പോകുന്ന സ്ത്രീകളും വിദ്യാർത്ഥികളുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നതെന്ന് സ്ഥിരം യാത്രക്കാരനായ ശശിക്കുട്ടൻ പറഞ്ഞു..