
പത്തനംതിട്ട : ലോകസിനിമയ്ക്ക് മലയോര മണ്ണിൽ ഇടമൊരുക്കിക്കൊണ്ട് പത്തനംതിട്ടയിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.പി) വരുന്നു. പത്തനംതിട്ട നഗരസഭയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്ന് നവംബർ 8, 9, 10 തീയതികളിൽ നഗരത്തിലെ നാല് തീയറ്ററുകളിൽ മേള സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ ഫെസ്റ്റിവൽ ബുക്ക് ഉടൻ പുറത്തിറക്കും. സംസ്ഥാന മന്ത്രിമാർ, വിഖ്യാത സംവിധായകർ, ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നിവർക്കൊപ്പം ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരും പത്തനംതിട്ടയുടെ ചലച്ചിത്ര പ്രതിഭകളും മേളയുടെ ഭാഗമാകും.
സാംസ്‌കാരികോത്സവം
മേളയ്ക്ക് മുന്നോടിയായി വിവിധ മേഖലകളിലും കലാലയങ്ങളിലും സെമിനാറുകൾ, നാടൻ കലകൾ, ഫ്‌ളാഷ് മോബ് എന്നിവ അരങ്ങേറും. നവംബർ 7ന് നഗരത്തിൽ വിളംബര ജാഥ നടത്തും. മേളയിൽ സിനിമാ പ്രദർശനം കൂടാതെ മീറ്റ് ദ ഡയറക്ടർ, ഓപ്പൺ ഫോറം, സെമിനാറുകൾ, പുസ്തകമേള എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ചെയർമാനും ചലച്ചിത്ര നിരൂപകൻ എം.എസ്.സുരേഷ് കൺവീനറുമായ വിപുലമായ സംഘാടക സമിതിയും 18 ഉപസമിതികളും പ്രവർത്തിക്കുന്നുണ്ട്.
പ്രവേശനം രജിസ്‌ട്രേഷനിലൂടെ
പത്തനംതിട്ട ടൗൺഹാളിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ നേരിട്ടും ഗൂഗിൾ ഫോം മുഖേനയും രജിസ്റ്റർ ചെയ്യാം. കോളേജുകളുടെ തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന വിദ്യാർത്ഥികൾക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഓൺലൈനായി അടയ്ക്കുന്നതിന് യു.പി.ഐ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്ജ് എന്നിവ ഉൾപ്പെടുന്ന കിറ്റ് നൽകും. മേളയുടെ പ്രചരണത്തിനായി International film festival of Pathanamthitta എന്ന ഫേസ് ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : ptafilmfest@gmail.com
വാട്സ് ആപ് നമ്പർ : 9447945710, 9447439851
ഐ എഫ് എഫ് പി : ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സംവിധായകൻ ഡോ.ബിജു ഉദ്ഘാടനം ചെയ്തു. കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് ആദ്യ രജിസ്‌ട്രേഷൻ നടത്തി. സംഘാടക സമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.എസ്.സുരേഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.അനീഷ്, ഡെലിഗേറ്റ് സബ് കമ്മിറ്റി ചെയർമാൻ സി കെ അർജുനൻ, കൺവീനർ എ.ഗോകുലേന്ദ്രൻ, മെമ്പർ സെക്രട്ടറി സുധീർരാജ്, എന്നിവർ പ്രസംഗിച്ചു.
4 തീയറ്ററുകൾ,
40 ചിത്രങ്ങൾ
ക്ലാസിക് ചലച്ചിത്രങ്ങൾ, പ്രതിഭകൾ, ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നീ വിഭാഗങ്ങളിലായി നാല്പതോളം പ്രദർശനങ്ങൾ നടക്കും.