bus

മല്ലപ്പള്ളി : കോട്ടാങ്ങൽ - ചുങ്കപ്പാറ - ചാലാപ്പള്ളി - എഴുമറ്റൂർ - പടുതോട് - വെണ്ണിക്കുളം - ഇരവിപേരൂർ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം. പത്തിലധികം സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്ന റൂട്ടിൽ ഇപ്പോൾ മൂന്ന് സർവീസ് മാത്രമാണുള്ളത്.

രാവിലെ 6.50ന് ചുങ്കപ്പാറയിൽ നിന്ന് ചങ്ങനാശേരിക്കും 7.10 ന് നെടുംകുന്നത്ത് നിന്ന് കളിയിക്കാവിളയ്ക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും നിറുത്തിയതോടെ ചുങ്കപ്പാറയിൽ നിന്ന് രാവിലെ 8.15 ന് തിരുവല്ലയ്ക്കും 9ന് തിരുവല്ല വഴി ചങ്ങനാശേരിക്കും പോകുന്ന സർവീസ് മാത്രമാണുള്ളത്.

രാവിലെ 9.45 ന് ചങ്ങനാശേരിയിൽ നിന്ന് ചുങ്കപ്പാറയിലേക്കും, അവിടുന്ന് 10ന് ചങ്ങനാശേരിയിലേക്കും മൂന്ന് ട്രിപ്പുകൾ വീതം സർവീസ് നടത്തിയ രണ്ട് സ്വകാര്യബസുകൾ കൊവിഡ് കാലത്തിന് ശേഷം സർവീസ് നടത്തിയിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും തൊഴിലാളികളുമാണ് ഏറെ വലയുന്നത്. എഴുമറ്റൂരിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ച് വെണ്ണിക്കുളത്ത് എത്തിയാൽ സമീപ പ്രദേശങ്ങളിലേക്ക് ബസ് ലഭിക്കും. എന്നാൽ ഈ ആറ് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. വർഷങ്ങൾക്ക് മുമ്പ് വായ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ രണ്ട് ബസുകൾ എഴുമറ്റൂർ വഴി സർവീസ് നടത്തിയിരുന്നെങ്കിലും ഇതും മുടങ്ങുകയായിരുന്നു. രാവിലെ കോട്ടാങ്ങലിൽ നിന്ന് എഴുമറ്റൂരിലൂടെ എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ട്രിപ്പ് മുടക്കുന്നതും പതിവ് കാഴ്ചയാണ്. ബസ് ഇല്ലാത്ത ദിവസങ്ങളിൽ ഓട്ടോറിക്ഷയാണ് ആശ്രയം. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി ആരംഭിക്കുമെന്ന പ്രതീക്ഷ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നെങ്കിലും അതും നടപ്പായില്ല.

മുമ്പ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പത്തിലധികം

സർവീസുകളുണ്ടായിരുന്ന റൂട്ടിൽ ഇപ്പോൾ മൂന്ന് സർവീസ് മാത്രം

സ്ത്രീകളും കുട്ടികളുമാണ് യാത്രാദുരിതത്തിൽ ഏറെ വലയുന്നത്. ആറ് കിലോമീറ്റർ സഞ്ചരിക്കേണ്ട പലരും ഇപ്പോൾ 15 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടതായിവരുന്നു.

മുഹമ്മദ് നാസർ,
എഴുമറ്റൂർ സ്വദേശി.