തിരുവല്ല : സഞ്ചരിക്കാൻ നല്ല വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് വളവനാരി - പുതുവൽകടവ് പ്രദേശവാസികൾ. പെരിങ്ങര പഞ്ചായത്തിലെ 15 -ാം വാർഡിൽ ഉൾപ്പെടുന്ന ഇവിടെ മുപ്പതോളം കുടുംബങ്ങളാണ് നടന്നുപോകാൻ പോലും നല്ല വഴില്ലാതെ വിഷമിക്കുന്നത്. റോഡിന്റെ വശങ്ങളിൽ കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണ്. നീരേറ്റുപുറം എ.എൻ.സി മുളമൂട് വഴിയുള്ള വളവനാരി -പുതുവൽ കടവ് റോഡിന്റെ തകർച്ച പരിഹരിക്കാൻ കഴിയാത്തതിനാൽ ദുരിതം സഹിച്ചു ഴിയുകയാണ് നാട്ടുകാർ. റോഡ് നിർമ്മിച്ചാൽ ചാത്തങ്കരി, മേപ്രാൽ, എ.എൻ.സി എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് എളുപ്പവഴിയാകും. മണിമലയാറിന്റെ കൈത്തോടിന് കുറുകെയാണ് പാലം .
കാൽനൂറ്റാണ്ട് മുമ്പ് പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ഇവിടെ പാലം നിർമ്മിച്ചു. എന്നാൽ ഇതുവരെയും അപ്പ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. പ്രദേശവാസികൾ തോട്ടിലെ ചെളിമണ്ണ് കൊണ്ടുവന്നിട്ട് ഉയർത്തിയാണ് പാലത്തിലൂടെ അക്കരെയിക്കരെ നടന്നുപോകാനെങ്കിലും വഴിയൊരുക്കിയത്. എന്നാൽ മഴയിലും വെള്ളപ്പൊക്കത്തിലും കുറെ ചെളിമണ്ണ് ഒഴുകിപ്പോയി. ഇപ്പോൾ പാലത്തിലേക്ക് ചാടിക്കയറേണ്ട സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം നിത്യവും പാലം കയറിപ്പോകാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്.
-------------------
പതിറ്റാണ്ടുകൾക്ക് മുമ്പ് പാലം നിർമ്മിച്ചെങ്കിലും അപ്പ്രോച്ച് റോഡ് ഇല്ലാത്തതിനാൽ പാലത്തിന്റെ ഗുണം പ്രദേശവാസികൾക്ക് ലഭിച്ചിട്ടില്ല.
മനോജ്
(പ്രദേശവാസി )
മുഖ്യമന്ത്രിയുടെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് വളവനാരി - ഇളവനാരി റോഡിന്റെ 750 മീറ്ററോളം അടുത്തകാലത്ത് പൂർത്തിയാക്കി. ബാക്കിയുള്ള ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കാൻ നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കത്താൽ പാലം ബലക്ഷയം നേരിടുന്നതിനാൽ ഫണ്ട് ചെലവഴിച്ച് അപ്പ്രോച്ച് റോഡ് നിർമ്മിക്കാനാകാത്ത സാഹചര്യമാണ്.
എബ്രഹാം തോമസ്
(വാർഡ് മെമ്പർ / പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് )