 
ചെങ്ങന്നൂർ: വാടകവീട്ടിൽ ഹോട്ടലിലെ മാലിന്യം സൂക്ഷിച്ചെന്ന നാട്ടുകാരുടെ പരാതിയിൽ നഗരസഭാ അധികൃതർ ഹോട്ടൽ ഉടമക്കെതിരെ നടപടി എടുത്തു. നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന തലശേരി കിച്ചൻസ് എന്ന ഹോട്ടലിലെ മാലിന്യ അവശിഷ്ടങ്ങളാണ് കോടിയാട്ടുകരയിലെ വാടകവീട്ടിൽ ശേഖരിച്ചു വച്ചിരുന്നത്. ഹോട്ടലിലെ തൊഴിലാളികൾക്ക് താമസിക്കാനായി ഹോട്ടൽ ഉടമ സൈനുദ്ദിൻ ഈ വീട് വാടകയ്ക്ക് എടുത്തത്. ഇവിടുത്തെ ടോയ്ലറ്റിലും അടുക്കളയിലുമായാണ് ചീഞ്ഞളിഞ്ഞതും, ദുർഗന്ധം വമിക്കുന്നതുമായ മാലിന്യ അവശിഷ്ടങ്ങൾ ശേഖരിച്ചിരുന്നത്. എട്ട് ബംഗാളി തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഹോട്ടലിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതും ഇവിടെ നിന്നാണെന്ന് ആരോപണമുണ്ട്. പ്രദേശത്ത് ദുർഗന്ധം രൂക്ഷമായതിനെ തുടർന്നാണ് സമീപവാസികളും നാട്ടുകാരും രംഗത്തെത്തിയത്. വാർഡ് കൗൺസിലർ സുധാമണിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തി. ദിവസങ്ങളോളം പഴക്കം ചെന്ന മാലിന്യ ശേഖരങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഹോട്ടലുടമയ്ക്കെതിരെ പിഴ ഈടാക്കിയതായി വാർഡ് കൗൺസിലർ സുധാമണി പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം എച്ച്.എസ് അജയന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എത്തി വീട് സീൽ ചെയ്ത് മാലിന്യം കുഴിച്ചുമൂടി.