തിരുവല്ല: ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി. വിവിധ വകുപ്പുകളിലായി 2,200രൂപ പിഴ ഈടാക്കി. സ്കൂൾ പരിസരത്തെയും മറ്റു വ്യാപാരസ്ഥാപനങ്ങളിലും കേന്ദ്രപുകയില നിയന്ത്രണ നിയമം 2003ലെ 5വകുപ്പ് അനുസരിച്ചു നിയമപരമായ മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളിൽ നിന്നാണ് പിഴയീടാക്കിയത്. പുകവലി നിരോധിത മേഖല ബോർഡുകളും 18വയസിൽ താഴെമുള്ള കുട്ടികൾക്ക് പുകയില ഉത്പ്പന്നങ്ങൾ നല്കുന്നതല്ല എന്നീ ബോർഡുകൾ സ്ഥാപിക്കാത്ത ബേക്കറി, പലചരക്കുകട, ഹോട്ടൽ, മറ്റുസ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. പഞ്ചായത്തിലെ എല്ലാസ്ഥാപനങ്ങളിലും നിയമാനുസരണ ബോർഡ് സ്ഥാപിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഹോട്ടൽ, ബേക്കറി, തട്ടുകട, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൃത്തിഹീനമായി പാചകംചെയ്ത ആഹാര സാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ജലപരിശോധന റിപ്പോർട്ടുകളും ഹെൽത്ത്‌ കാർഡില്ലാത്ത സ്ഥാപനങ്ങൾക്കും പരിസരശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. അനുവദിച്ച സമയപരിധിക്കുള്ളിൽ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന സാഹചര്യം തുടർന്നാൽ പ്രവർത്തനാനുമതി നിഷേധിക്കുന്നതടക്കം കർശന നടപടിക്കാണ് ഇരവിപേരൂർ പഞ്ചായത്തിലെ ആരോഗ്യവിഭാഗം തുടക്കംകുറിച്ചത്. പരിശോധനകൾ കർശനമായി തുടരാൻ തീരുമാനിച്ചതായി മെഡിക്കൻ ഓഫീസർ ഡോ.റ്റിറ്റു ജി.സ്കറിയ അറിയിച്ചു. കുടുബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ് കെ.ആർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വിനോദ് കുമാർ, അഖിൽ, ഷിജു, പൗർണ്ണമി, രാജി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.