
പത്തനംതിട്ട: ഇലന്തൂരിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ഇടതുകര കനാലും കനാൽ റോഡുകളും കാടുമൂടി. കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും പെരുമ്പാമ്പിന്റെയും താവളമാണ് ഇപ്പോളിവിടം. ആളുകൾക്ക് നടന്നുപോകാൻ പോലുമാകാത്ത സ്ഥിതയാണ്. കനാലിൽ പാഴ് മരങ്ങൾ വളർന്നുനിൽക്കുകയാണ്. കോഴിക്കടകളിൽ നിന്നും ഇറച്ചിക്കടകളിൽ നിന്നുമുള്ള മാംസാവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി കനാലിൽ തള്ളുന്നുമുണ്ട്.
ഇലന്തൂർ ഗവൺമെന്റ് കോളേജിലെയും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികൾ ഇതുവഴിയാണ് യാത്രചെയ്യുന്നത്. സ്‌കൂൾ ജംഗ്ഷൻ മുതൽ കാഞ്ഞിരിക്കൽപടി വരെയുള്ള കനാൽ റോഡിൽ ഒന്നര ക്കിലോമീറ്ററോളം ഭാഗം പൂർണമായി കാടുകയറി. കനാലിന് ഇരുകരകളിലുമുള്ള 12-ാം വാർഡിലെ 102 വീടുകളുള്ള ഉന്നതിയിലെയും മറുകരയിലുള്ള 18 വീടുകളുള്ള ഉന്നതിയിലെയും ആളുകൾക്കും പുറമെ കനാലിന്റെ ഇരുകരകളിലുമായി നൂറുകണക്കിന് വീടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത് കാര്യാലയം, ഇലന്തൂർ മാർത്തോമ്മ വലിയപള്ളി, ശാസ്താക്ഷേത്രം ഗണപതിക്ഷേത്രം എന്നിവിടങ്ങളിലേക്കും ഈ റോഡിലൂടെ വേണം എത്താൻ.
തിരിഞ്ഞുനോക്കാതെ പി.ഐ.പി
വർഷങ്ങളായി കാട് വെട്ടിത്തെളിക്കുന്നതിനോ കനാലിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനൊ പി.ഐ.പി അധികൃതർ തയ്യാറായിട്ടില്ല. മണിയാറിൽ നിന്നാരംഭിച്ച് കോഴഞ്ചേരി വാഴക്കുന്നത്തുവച്ചാണ് പമ്പാനദിയുടെ ഇടതും വലതുമായി കനാൽ രണ്ടായി പിരിയുന്നത്. ഇടതുകര കനാൽ നാരങ്ങാനം, ഇലന്തൂർ, മെഴുവേലി, ആറന്മുള, മുളക്കുഴ പഞ്ചായത്തുകളിലൂടെ ഒഴുകി ചെങ്ങന്നൂർ താലൂക്ക്, മാവേലിക്കര താലൂക്ക് എന്നിവിടങ്ങളിലൂടെ കാഞ്ഞിരപ്പള്ളി എൻ.സി.പി.ടിക്ക് സമീപമാണ് അവസാനിക്കുന്നത്. ഹെക്ടറുകണക്കിന് പാടശേഖരങ്ങളെ ഫലഭൂയിഷ്ടമാക്കുന്നതിനൊപ്പം പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാണ് കനാലിൽ കൂടി ഒഴുകുന്ന ജലം.
------------------
കനാൽ കാടുമൂടിയത് പി.ഐ.പി ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണ്. കാനാലും കനാൽ പുറമ്പോക്കും കനാൽ റോഡുകളും വനഭൂമിപോലെയായി. ഉദ്യോഗസ്ഥർ ക്രിയാത്മകമായി ഇടപെടുകയും കാട് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണം.
ഇന്ദിരാ ദേവി
പ്രദേശവാസി
-----------------
പി.ഐ.പി കനാൽ റോഡിലെ കാട് ശുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടിമാറ്റാറുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ല. പി.ഐ.പി അധികൃതർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭത്തിനൊപ്പം നിയമനടപടിയും സ്വീകരിക്കും.
കെ.സി മുകുന്ദൻ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ഇലന്തൂർ ഗ്രാമപഞ്ചായത്ത്