 
കോന്നി : സുഹൃത്തുക്കൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കലഞ്ഞൂർ ഇടത്തറ കൃഷ്ണവിലാസത്തിൽ സജീവ് - പ്രസീത ദമ്പതികളുടെ മകൻ വിനായക് (15) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നിന് ആയിരുന്നു സംഭവം. കോന്നി ചൈനമുക്കിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു വിനായക്. മഠത്തിൽകാവ് ദേവീക്ഷേത്രത്തിൽ പോയതിനുശേഷം കൂടെയുണ്ടായിരുന്ന നാല് സുഹൃത്തുക്കളുടെ കൂടെ ഐരവൺ പുതിയകാവ് ക്ഷേത്ര ക്കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അഗ്നിശമന രക്ഷാസേനയും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ഐരവൺ തൂക്കുപാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു. പിറവന്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.