ചെങ്ങന്നൂർ: എല്ലാ ശാഖകളിലും ശ്രീനാരായണ ദർശനോത്സവവും സത്സംഗങ്ങളും നിർബന്ധമായും നടത്തണമെന്ന് എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ പറഞ്ഞു. 2863ാം പാറപ്പാട് ശാഖയിൽ നടന്ന മൂന്നാമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിക്കുകയെന്ന ഗുരുവിന്റെ മഹത് സന്ദേശമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. അന്തവിശ്വാസവും അനാചാരങ്ങളും വീണ്ടും തിരികെയെത്താതിരിക്കുവാനും സമത്വവും സാഹോദര്യവുമുള്ള മനുഷ്വത്യപൂർണ്ണമായ നന്മയുള്ള സമൂഹത്തെ വാർത്തെടുക്കുവാൻ ജാതിമത ഭേദമെന്യേ ഗുരുധർമ്മം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിന് ശാഖാ പ്രസിഡന്റ് അഡ്വ. കെ.വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ശാഖകളിലെ ഭാരവാഹികൾ ശാഖ പോഷക സംഘാടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പോഗ്രാം ജനറൽ കൺവീനർ അഡ്വ.പി.എൻ. വേണുഗോപാൽ സ്വാഗതവും ശാഖാ സെക്രട്ടറി പി.ആർ.ഉത്തമൻ കൃതഞ്ജതയും പറഞ്ഞു.