കോന്നി : ചിറ്റാറിലെ ജനവാസ മേഖലകളിൽ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. അടിയന്തരമായി സൗരോർജവേലി സ്ഥാപിക്കാൻ ജനപ്രതിനിധികളും റവന്യു, വനം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കും. യോഗത്തിൽ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ,
ചിറ്റാർ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ബഷീർ, പി.ആർ.പ്രമോദ്, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ, ചിറ്റാർ,സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ രവികല എബി, ബീനാ മുഹമ്മദ് റാഫി, റാന്നി ഡി.എഫ്.ഒ ജയകുമാർ ശർമ്മ , അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നിധീഷ് കുമാർ, കോന്നി ഡി വൈ എസ് പി ടി.രാജപ്പൻ റാവുത്തർ, പഞ്ചായത്ത് അംഗങ്ങളായ ജോബി ടി. ഈശോ, ആദർശ വർമ്മ ,രവി കണ്ടത്തിൽ, ജോർജ്ജ് കുട്ടി തെക്കേൽ, ജിതേഷ് ഗോപാലകൃഷ്ണ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്.രാജേന്ദ്രൻ, ജെ.പി പ്രസന്നകുമാർ, ടി.കെ.സജി, കെ.ജി.അനിൽകുമാർ, കെ.ജി.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയും ജില്ലാ കളക്ടറും ഡി എഫ് ഒയും ജനപ്രതിനിധികളുമടങ്ങിയ സംഘം ഊരാംപാറയിൽ ആന ഇറങ്ങുന്ന സ്ഥലം സന്ദർശിച്ചു.
പ്രധാന തീരുമാനങ്ങൾ
ആറ് കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിച്ച്
നാട്ടുകാർക്കും കൃഷിക്കും സുരക്ഷയൊരുക്കും
സ്ഥാപിക്കുന്ന സൗരോർജ്ജവേലിയുടെ പരിപാലന ചുമതല
വനംവകുപ്പ് നിർവഹിക്കണം.
വേലിയുടെ സംരക്ഷണത്തിന് രണ്ട് വനംസംരക്ഷണ സമിതി
പ്രവർത്തകരെ നിയോഗിക്കണം.
ആനകളുടെ വരവ് നിരീക്ഷിക്കാൻ റാന്നി ഡി.എഫ്.ഒ നേതൃത്വം
നല്കുന്ന മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കണം