sabarimala
f

പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിനു പകരം ഇടത്താവളങ്ങളിൽ അക്ഷയകേന്ദ്രങ്ങൾ എന്ന പുതിയ നിർദ്ദേശം അടുത്ത ശബരിമല അവലോകന യോഗത്തിൽ സർക്കാർ മുന്നോട്ടുവയ്ക്കും. സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനം വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ഈ നീക്കം. അക്ഷയ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിംഗ് രീതി തന്നെയാകും നടപ്പിലാവുക. ഭക്തരുടെ പേര്, വിലാസം, തിരിച്ചറിയൽ രേഖ തുടങ്ങിയവ ശേഖരിച്ചാണ് നിലവിലെ സ്പോട്ട് ബുക്കിംഗ്.

ഓൺലൈൻ ബുക്ക് ചെയ്യാതെ എത്തുന്ന ഭക്തർക്ക് പ്രധാന ഇടത്താവളങ്ങളിലെ അക്ഷയ കേന്ദ്രത്തിൽ ബുക്ക് ചെയ്തു ശബരിമലയിലെത്താം എന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഇന്നലെ കോട്ടയത്ത് പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളിൽ സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നുണ്ട്. അയ്യപ്പഭക്തരിൽനിന്ന് ഫീസ് ഇ‌ൗടാക്കുമോ എന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല.

സ്പോട്ട് ബുക്കിംഗ് പ്രശ്നത്തിൽ സർക്കാരും ദേവസ്വം ബോർഡും ഒരു പക്ഷത്തും പ്രതിപക്ഷം, പന്തളം കൊട്ടരം, ബി.ജെ.പി, ഹിന്ദുസംഘടനകൾ തുടങ്ങിയവർ മറുവശത്തും എന്ന നിലയാണുള്ളത്. 2018ലെ യുവതീ പ്രവേശന വിഷയത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കു സമാനമായ സ്ഥിതിയാണ് രൂപപ്പെടുന്നത്.

അതേസമയം, ഓൺലൈൻ ബുക്കിംഗിനൊപ്പം സ്പോട്ട് ബുക്കിംഗും തുടരണമെന്ന് പാർട്ടിയിലും മുന്നണിയിലും നിന്ന് സർക്കാരിനു മേൽ സമ്മർദ്ദം ശക്തമായി.

സ്പോട്ട് ബുക്കിംഗ് നിലനിറുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ദൈവത്തെ മറയാക്കി സംഘപരിവാർ രാഷ്ട്രീയക്കളി നടത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സ്പോട്ട് ബുക്കിംഗ് നിലനിറുത്തിയില്ലെങ്കിൽ പ്രതിഷേധമുയരുമെന്നും വർഗീയ ശക്തികളുടെ പിന്തുണയോടെ രാഷ്ട്രീയ മുതലെടുപ്പിന് എതിരാളികൾക്ക് അവസരമാകുമെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.