 
കോന്നി : മൂഴിയാറിലെ വനാശ്രിത കുടുംബങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഇതിനുള്ള നടപടികൾക്കായി ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള കത്ത് കെ.എസ്.ഇ.ബി ഊർജ്ജവകുപ്പിന് കൈമാറിയിട്ടുണ്ട്. മൂഴിയാർ ഡാമിന് സമീപം കെ.എസ്.ഇ.ബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വൈദ്യുതി വകുപ്പിന്റെ കൈവശമുള്ള നാല് ഏക്കർ ഭൂമിയാണ് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്. പട്ടികവർഗ്ഗ വകുപ്പിന്റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനം. ഫ്ളാറ്റ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ നജീബ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൗഷാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
സംരക്ഷിത വനാശ്രിത വിഭാഗം
സംരക്ഷിത വനാശ്രിത വിഭാഗത്തിൽപ്പെട്ട 41 മലമ്പണ്ടാര കുടുംബങ്ങളാണ് സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാറിലുള്ളത്. പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് ഇവരുടെ ജീവിതം. വനവിഭവങ്ങളാണ് പ്രധാന ഉപജീവന മാർഗം. വൈദ്യുതിയും മറ്റ് അടിസ്ഥാന വികസനങ്ങളും ഇവരുടെ ഊരുകളില്ല. കൃഷി ചെയ്യാറുണ്ടെങ്കിലും വന്യമൃഗ ശല്യം കാരണം വിളവ് ലഭിക്കാറില്ല. ഇവരുടെ കുടിലുകളും ആന ഉൾപ്പടെയുള്ള വനൃമൃഗങ്ങൾ സ്ഥിരമായി തകർത്തെറിയാറുണ്ട്.
........................
മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട 41 വനാശ്രിത കുടുംബങ്ങളാണ് മൂഴിയാറിൽ ഉള്ളത്. ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്നതിനു മുമ്പ് തന്നെ എല്ലാ കുടുംബങ്ങൾക്കും ഓരോ ഏക്കർ ഭൂമി വീതം കൃഷി ചെയ്യാനായി വനാവകാശ രേഖ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
അഡ്വ.കെ.യു. ജനീഷ് കുമാർ
(എം.എൽ.എ)