ചെങ്ങന്നൂർ: ശബരിമലയിൽ ദർശനത്തിന് വരുന്ന ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് ശബരിമലയെ വീണ്ടും സംഘർഷഭരിതമാക്കാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കമെന്ന് കേരള യുവജന സംഘം സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു. കഴിഞ്ഞ വർഷത്തേതു പോലെ ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗ് മാത്രം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ മുതലെടുപ്പിന് കളം ഒരുക്കുമെന്നും യോഗം വിലയിരുത്തി. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും തീരുമാനം ഭക്തരിൽ അടിച്ചേൽപ്പിച്ചാൽ വിശ്വകർമ്മ സമൂഹം മറ്റുള്ള ഹൈന്ദവ സംഘടനകളുമായി ആലോചിച്ച് സമര പരിപാടികളുമായി രംഗത്ത് വരുമെന്നും യുവജന സംഘം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ. എസ്. നിധീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത് ശിവൻ, ട്രഷറർ എം. ആർ. സതീഷ് കുമാർ, കെ.എം. സുധീഷ്, വിമൽ കുമാർ, ഡെറിൻ ദിവാകരൻ, പ്രസന്നൻ എന്നിവർ സംസാരിച്ചു.