 
പുറത്തിറങ്ങിയത് മൂന്നുമണിക്കൂറിന് ശേഷം
മല്ലപ്പള്ളി: കടമുറി ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാശ്രമം.
ആഞ്ഞിലിത്താനം ചിറയിൽകുളം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം സ്റ്റേഷനറിക്കട നടത്തുന്ന മല്ലശ്ശേരി ഉത്തമൻ (65) ആണ് കട അടച്ചശേഷം കടയ്ക്കുള്ളിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് അത്മഹത്യാ ഭിഷണി മുഴക്കിയത്. ഉത്തമന്റെ സഹോദരൻ മണിയുടെ മകൻ ജ്യോതിയാണ് കടയുടമ. കഴിഞ്ഞദിവസം ജ്യോതിയും ഉത്തമനുമായി തർക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ആറുമണിയോടെയാണ് ഉത്തമൻ കടയിൽ കയറി അകത്തുനിന്ന് പുട്ടിയത്. വിവരമറിഞ്ഞ്
കീഴ് വായ്പൂർ സി.ഐ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ പൊലീസും തിരുവല്ല ഫയർ സ്റ്റേഷൻ ഒാഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂടീമും സ്ഥലത്തെത്തി. അധികൃതരും കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മധുസൂദനൻ നായരും ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അനുനയ ശ്രമത്തിനൊടുവിൽ 9.20 ഓടെ ഉത്തമൻ കടതുറന്ന് പുറത്തിറങ്ങുകയായിരുന്നു.
തിരുവല്ല ഫയർഫോഴ്സിലെ സീനിയർ ഫയർ ഒാഫീസർ ശ്രീനിവാസ് ,ഫയർമാൻമാരായ വിഷ്ണു കെ.വി ഹരി കൃഷ്ണൻ, ഷാജി കുമാർ ,ജോട്ടി ജോസഫ്, അനിൽകുമാർ ,ശ്രിദാസ് എന്നിവർ ഷട്ടർ പൊളിച്ച് ഉത്തമനെ പുറത്തെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു.