 
ചെങ്ങന്നൂർ: രോഗപീഡകളാൽ വലയുന്ന ഒരു കുടുംബത്തിലെ യുവതിയും രണ്ട് മക്കളും സുമനസുകളുടെ കാരുണ്യം തേടുന്നു. പുലിയൂർ കുളിക്കാംപാലം പടിഞ്ഞാറെ വളവൂർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രിയ (39), മക്കളായ ശാരിക(17), ശിവ (16) എന്നിവരാണ് ദുരിതത്തിലായിരിക്കുന്നത്. നിർമ്മാണത്തൊഴിലാളിയായിരുന്നപ്രിയയുടെ ഭർത്താവ് സജി നാലുവർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭർത്താവിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമായി. പ്രിയയ്ക്ക് കരൾവീക്കമാണ്. സാധാരണക്കാരെ പോലെ ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. സന്നദ്ധസംഘടന പഞ്ചായത്തിന് മുന്നിൽ പെട്ടിക്കട സ്ഥാപിച്ച് പ്രിയക്ക് കൈമാറിയിരുന്നു. എന്നാൽ അസുഖബാധിതയായ പ്രിയക്ക് ആറുമാസം മുമ്പ് കട അടച്ചിടേണ്ടിവന്നു. ഭർത്താവിന്റെ കുടുംബത്തിൽ നിന്നും സഹായം ലഭിക്കാതെ വന്നപ്പോൾ അവിടെ നിന്നും ഇറങ്ങി വാടകവീട്ടിലെത്തി. എന്നാൽ വരുമാനമില്ലാത്തത് കാരണം വാടക പോലും കൃത്യമായി നൽകാനാകുന്നില്ല ഇവർക്ക്.
സമീപവാസികളുടെ മനസറിഞ്ഞുള്ള സഹായങ്ങളാണ് ഇവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. മകൾ ശാരികയ്ക്ക് ഹൃദ്രോഗമാണ്. മകൻ ശിവയ്ക്കാകട്ടെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇപ്പോൾ വലതുകണ്ണിന്റെ കാഴ്ചയും കുറഞ്ഞുവരുന്നതിനാൽ മൂവാറ്റുപുഴയിലെ സ്വകാര്യാശുപത്രിയിൽ ബന്ധുവിന്റെ സംരക്ഷണത്തിൽ ചികിത്സയിലാണ്. മരുന്നിന് തന്നെ ആളിന് മൂവായിരം രൂപ മാസം വേണ്ടിവരുന്നു. നിത്യവൃത്തിക്ക് പോലും നിവർത്തിയില്ലാത്ത ഈ കുടുംബം ചികിത്സയ്ക്കും മുന്നോട്ടുള്ള ജീവിതത്തിനും മുന്നിൽ സ്തംഭിച്ചുനിൽക്കുകയാണ്. പ്രിയയുടെ ഫോൺ: 8921435762.