കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു. ആദ്യ അലോട്ടുമെന്റിൽ പ്രവേശനം നേടിയ 67 വിദ്യാർത്ഥികളെയും ആശുപത്രി കവാടത്തിൽ പൂച്ചെണ്ടുകൾ നൽകി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വരവേറ്റു. ഒരു ബാച്ചിൽ നൂറ് സീറ്റാണ് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ അനുവദിച്ചിരിക്കുന്നത്. ഇനി രണ്ട് അലോട്ടുമെന്റുകൾ കൂടി നടക്കാനുണ്ട്. രണ്ട് ബാച്ചുകളിലായി പ്രവേശനം നേടിയ 200 വിദ്യാർത്ഥികൾ നിലവിൽ പഠിക്കുന്നുണ്ട്.
പ്രവേശനോത്സവം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. എസ്. നിഷ അദ്ധ്യക്ഷത വഹിച്ചു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് , മെഡിക്കൽ സൂപ്രണ്ട് ഡോ. എ .ഷാജി , മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോ. ജിനോ എബ്രഹാം, ഡോ. പി.എസ്. സിന്ധു. ഡോ. പി. ഇന്ദു, മെൻസ് ഹോസ്റ്റൽ വാർഡൻ ഡോ. കൃഷ്ണകുമാർ, ലേഡീസ് ഹോസ്റ്റൽ വാർഡൻ ഡോ. ബി. സജിനി , ഡോ അൽ അമീൻ, പി.ടി.എ പ്രസിഡന്റ് വി.എൻ. ജനിത ,കോളേജ് യൂണിയൻ ചെയർമാൻ വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് വിഭാഗങ്ങൾ
മൈക്രോ ബയോളജി, ഫോറൻസിക്, കമ്മ്യൂണിറ്റി മെഡിസിൻ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഒരുബാച്ചിൽ നൂറ് സീറ്റാണ് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ അനുവദിച്ചിരിക്കുന്നത്. ഒന്ന്, രണ്ട് ബാച്ചുകളിലായി 200 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ വർഷത്തെ അലോട്ടുമെന്റുകൾ പൂർത്തിയാകുമ്പോൾമൂന്നാം ബാച്ചിലും നൂറ് സീറ്റുകളിലും പ്രവേശനമുണ്ടാകും . ഇതോടെ വിദ്യാർത്ഥികളുടെ എണ്ണം മുന്നൂറിലെത്തും. പുതിയ അക്കാഡമിക് ബ്ളോക്ക് കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ സീറ്റും കൂടുതൽ വിഭാഗങ്ങളും അനുവദിച്ച് നൽകാൻ മെഡിക്കൽ കൗൺസിലിന് അപേക്ഷ സമർപ്പിക്കും.
---------------
കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്കായി അത്യാധുനിക ഉപകരണങ്ങളാണ് എത്തിച്ചിരിക്കുന്നത്. കിഫ്ബിയിൽ നിന്ന് അനുവദിച്ച 352 കോടി രൂപയുടെ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അനുദിനം മെഡിക്കൽ കോളേജ് വളരുകയാണ്.
അഡ്വ. കെ.യു. ജനീഷ് കുമാർ (എം.എൽ.എ)