പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ ഇന്നലെ പ്രത്യക്ഷ സമരങ്ങൾക്ക് തുടക്കമിട്ടു. പത്തനംതിട്ട കളക്ടറേറ്റ് കവാടത്തിൽ ശരണംവിളികളോടെ നടന്ന ധർണ അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഭക്തർക്ക് ദർശനസൗകര്യം ലഭിച്ചില്ലെങ്കിൽ എല്ലാവരും വെറുതേയിരിക്കുമെന്ന് കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓൺലൈൻ ബുക്കിംഗില്ലാത്തവർ അക്ഷയ സെന്ററുകൾക്കു മുന്നിൽ കാണിക്കയിടേണ്ട അവസ്ഥയായിരിക്കുമെന്ന് അക്കീരമൺ വിമർശിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു തുടങ്ങിയവർ പങ്കെടുത്തു.
ശബരിമല കർമ്മ സമിതിയുടെ ബാനറിൽ നടത്തുന്ന സമരങ്ങളുടെ ഏകോപനത്തിനായി മുതിർന്ന പ്രചാരകൻ കെ. കൃഷ്ണൻകുട്ടിയെ ആർ.എസ്.എസ് നിയോഗിച്ചു. അയ്യപ്പസേവാ സമാജം സംസ്ഥാന സംഘടന സെക്രട്ടറി കൂടിയാണ് അദ്ദേഹം. കുമ്മനം രാജശേഖരൻ നയിച്ച നിലയ്ക്കൽ പ്രക്ഷോഭത്തിന്റെയും ആറൻമുള വിമാനത്താവള വിരുദ്ധ സമരത്തിന്റെയും ഏകോപനം കൃഷ്ണൻകുട്ടിയായിരുന്നു. ആറൻമുള യുവതീ പ്രവേശന വിഷയത്തിലും സമരങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചു.
സ്പോട്ട് ബുക്കിംഗിന്റെ കാര്യത്തിൽ ദേവസ്വം ബോർഡും സർക്കാരും തീരുമാനം തിരുത്തുന്നില്ലെങ്കിൽ കർമ്മ സമിതി ദേശീയ തലത്തിൽ പ്രചരണ പരിപാടികൾ നടത്തും.നാളെ പന്തളം കൊട്ടാരത്തിൽ നടക്കുന്ന പ്രാർത്ഥനായജ്ഞത്തിൽ സമിതി പങ്കെടുക്കും. കൊട്ടാരം നിർവാഹക സംഘം നടത്തുന്ന പ്രാർത്ഥനായജ്ഞത്തിലേക്ക് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.