
പത്തനംതിട്ട: നഗരത്തിൽ മാക്കാംകുന്ന് ഗ്യാസ് ഏജൻസി കോമ്പൗണ്ടിനുള്ളിൽ ഗ്യാസ് സിലണ്ടർ കയറ്റിവച്ചിരുന്ന പിക്ക് - അപ് വാഹനവും കരിമ്പിനാക്കുഴി എവർഷൈൻ റസിഡൻഷ്യൽ സ്‌കൂളിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂൾ ബസും അഗ്നിക്കിരയായി. ഒരു മണിക്കൂറിനിടെ നടന്ന രണ്ടുസംഭവത്തിലും ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസിന് അന്വേഷണം ആരംഭിച്ചു. ഗ്യാസ് ഗോഡൗണിന് സമീപം നിറുത്തിയിട്ടിരുന്ന വാഹനത്തിലെ തീ സമയോചിതമായി അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
ഞായറാഴ്ച രാത്രി 11നും 11.10നും ഇടയിലാണാ മാക്കാംകുന്ന് സജീവ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സരോജ ഗ്യാസ് ഏജൻസി കോമ്പൗണ്ടിനുള്ളിൽ വാഹനത്തിന്റെ ക്യാബിന് തീപിടിച്ചത്. ഈ സമയം ഇതുവഴി പോയ വഴിയാത്രക്കാരാണ് വാഹനം കത്തുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ ഇവർ ഓഫീസിന് സമീപം മുറിയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരെ വിളിച്ചുണർത്തി. തുടർന്ന് ജീവനക്കാരും സമീപം താമസിച്ചിരുന്ന ഉടമയും വഴിയാത്രക്കാരും ചേർന്ന് ഫയർ എസ്റ്റിംഗുഷറും വെള്ളവുമുപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. തീ ഗ്യാസ് സിലണ്ടറിലേക്ക് പടരാതിരിക്കാൻ ഗ്യാസ് സിലണ്ടർ വെള്ളം ഉപയോഗിച്ച് തണുപ്പിക്കുകയും വണ്ടിയിൽ നിന്ന് വേഗം നീക്കം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. കത്തിയ വാഹനത്തിന് 10 മീറ്റർ മാത്രം അകലെയാണ് ഗ്യാസ് ഗോഡൗൺ ഉണ്ടായിരുന്നത്. ഇവിടെ 500 ൽപരം ഗ്യാസ് നിറച്ച സിലണ്ടർ സൂക്ഷിച്ചിരുന്നു.
രാത്രി 12.07നാണ് പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ കരിമ്പിനാക്കുഴി മാക്കാംകുന്നിലുള്ള എവർഷൈൻ റസിഡൻഷ്യൽ സ്‌കൂളിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂൾ വാനിന് തീപിടിച്ചത്. സ്‌കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ബസിൽ പൂർണമായി തീ പടർന്നു. സമീപം മറ്റ് സ്‌കൂൾ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും തീ പടർന്നു പിടിച്ചില്ല. അടുത്തടുത്ത പ്രദേശത്ത് നടന്ന തീപിടിത്തത്തിൽ സംശയം തോന്നിയ ജില്ലാഫയർ ഓഫീസർ ബി.എം.പ്രതാപചന്ദ്രന്റെ നിർദ്ദേശത്തേതുടർന്ന് ഫയർഫോഴ്സ് സംഘം പുലർച്ചെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി, ഷോർട്ട് സർക്യൂട്ട് അല്ലെന്ന് കണ്ടെത്തി. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വാഹനം ഒരാൾ കത്തിച്ചശേഷം ഓടിമറയുന്നത് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി യ പൊലീസ് സംഘം ഡോഗ്സ്ക്വാഡിന്റെയും ഫോറസിക് വിദഗ്ദ്ധരുടെയും സഹായത്തോടെ ശാസ്ത്രീയ പരിശോധന നടത്തി.