 
ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസ് പാടത്തേക്ക് മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 4.30ന് കോടുകുളഞ്ഞി തയ്യിൽപടിക്ക് സമീപമാണ് അപകടം. കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് വിദ്യാപീഠ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. 29 വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നു. എതിർദിശയിൽ നിന്നെത്തിയ കാറിന് സൈഡ് കൊടുക്കുമ്പോൾ, റോഡിന് സമീപം കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയിലേക്ക് ബസിന്റെ ടയർ താഴ്ന്നു. ഇതോടെ നിയന്ത്രണംവിട്ട ബസ് പാടത്തേക്ക് മറിയുകയുമായിരുന്നു.നാട്ടുകാരും വെണ്മണി പൊലീസും ചേർന്നാണ് വിദ്യാർത്ഥികളെ ബസിന് പുറത്തെടുത്തത്.ഇവരെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. കൃഷിചെയ്യുന്നതിനായി പാടത്തെ വെള്ളം വറ്റിച്ച് പൂട്ടിയിട്ടിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.