ചെങ്ങന്നൂർ: മഹാദേവക്ഷേത്രത്തിൽ ആചാരവിരുദ്ധമായി പുറത്തുനിന്നുവന്ന ആളെക്കൊണ്ട് ശ്രീകോവിലിലെ മൂലവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിച്ച സംഭവത്തിൽ കീഴ്ശാന്തി ജയനാരായണൻ നമ്പൂതിരിയെ താത്കാലികമായി മാറ്റിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ മീര അറിയിച്ചു. കീഴ്ശാന്തിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എൻ.ആർ.രതീഷ് കുമാർ, സെക്രട്ടറി എം.എച്ച്.വൈശാഖൻ ,വൈസ് പ്രസിഡന്റ് ആർ.പ്രദീപ് കുമാർ എന്നിവരുടെയും ഭക്തരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ട് ഉമാമഹേശ്വര പൂജ നടക്കുമ്പോഴാണ് സംഭവം . ദർശനത്തിനെത്തിയ ഒരാളെക്കൊണ്ട് കീഴ്ശാന്തി മൂലവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഭക്തർ ചോദ്യം ചെയ്തപ്പോൾ മേൽശാന്തി കയർത്തുസംസാരിച്ചതായും പരാതിയുണ്ട്. ശ്രീകോവിലിൽ കയറിയത് തന്റെ ബന്ധുവാണെന്നാണ് കീഴ്ശാന്തി പറഞ്ഞത്. ഉപദേശക സമിതി ഭാരവാഹികളുടെയും ഭക്തരുടെയും പ്രതിഷേധം കടുത്തതോടെ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരുടെ നിർദ്ദേശാനുസരണം രണ്ടു ദിവസം ക്ഷേത്രത്തിൽ ശുദ്ധികലശപൂജകൾ നടത്തും.
തന്ത്രിയും തന്ത്രിയാൽ നിയോഗിക്കപ്പെടുന്നവരും കുടുംബകാരാഴ്മ മേൽശാന്തിമാരും ഒരുകീഴ്‌ശാന്തിയും മാത്രമേ അവരോധക്രിയനടത്തി ക്ഷേത്രശ്രീകോവിലിനുള്ളിലെ ഗർഭഗൃഹത്തിൽ കയറാറുള്ളു. സംഭവത്തെക്കുറിച്ച് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു. മാവേലിക്കരയിൽ നിന്ന് ദേവസ്വം വിജിലൻസ് ഓഫീസർമാരെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.