1
കോട്ടാങ്ങൽ - ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ ചെമ്പിലാക്കൽ പടിയിലെ കരിങ്കൽ ഭിത്തികൾക്ക് തകർച്ച നേരിടുന്ന പാലം.

മല്ലപ്പള്ളി: കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡിലെ പാലം അപകട ഭീഷണിയിൽ. ചാലാപ്പള്ളി - കോട്ടാങ്ങൽ ബാസ്റ്റോ റോഡിലെ ചെമ്പിലാക്കൽ പടിയിലെ പാലമാണ് അപകട ഭീഷണിയിലെത്തിയിരിക്കുന്നത്. 15 അടിയോളം ഉയരമുള്ള പാലത്തിന്റെ സംരക്ഷണ ഭിത്തികൾ കരിങ്കല്ലുകൾ കൊണ്ട് കെട്ടിയതാണ്. കാലപ്പഴം ഏറെയുള്ളതിനാൽ സംരക്ഷഭിത്തികൾക്ക് ബലക്ഷയം നേരിട്ടിരിക്കുകയാണ്. പാലത്തിന്റെ അടിവശത്തെ കല്ലുകൾ ഇളകി തുടങ്ങി. കൈവരികൾ ദ്രവിച്ച് കമ്പികൾ തെളിഞ്ഞു കാണാം. സംരക്ഷണ ഭിത്തികളിൽ ഒരു വശത്ത് വലിയ പ്ലാവ് മരവും മറുവശത്ത് മുളക്കൂട്ടവും വളർന്ന് നിൽക്കുകയാണ് മരത്തിന്റെ വേരുകൾ ഇറങ്ങി സംരക്ഷണ ഭിത്തിക്ക് വിള്ളലും രൂപപ്പെട്ടു.

ബലക്ഷയത്തിന് കാരണം അറ്റകുറ്റപ്പണി മാത്രം നടത്തി

പാലം ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയ റോഡിന് 36 കോടി രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ കാലപ്പഴക്കം ചെന്നതും വീതികുറഞ്ഞതുമായ പാലങ്ങളും കലുങ്കുകളും മോടിപിടിപ്പിച്ച് നിലനിറുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് നിർമ്മാണത്തിൽ അപാകതയുള്ളതായി നേരത്തെ പരാതികളും ഉയർന്നിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടന്നതെന്നുള്ള ആക്ഷേപവും നിലനിൽക്കുന്നു. അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിന്റെ സംരക്ഷണ ഭിത്തിക്കാണ് ബലക്ഷയം ഉണ്ടായിരിക്കുന്നത്.

....................................

അമിതഭാരം കയറ്റിയ ടോറസ് ലോറികൾ നിരന്തരമായി സർവീസ് നടത്തുന്ന റോഡിൽ നവീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പാലത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയിരുന്നെങ്കിലും പാലത്തിന്റെ ഉപരിതലത്തിലെ നവീകരണം മാത്രമാണ് നടത്തിയത്. പാലത്തിന്റെ ബലക്ഷയം പരിശോധിക്കുന്നതിനോ, വീതി വർദ്ധിപ്പിക്കുന്നതിനോ അധികൃതർ നിസംഗ നിലപാടാണ് സ്വീകരിച്ചത്.

അനിൽകുമാർ

(പ്രദേശവാസി)​

1. പാലത്തിന് 15 അടി ഉയരം

2. സംരക്ഷഭിത്തികൾക്ക് ബലക്ഷയം

.........................................

റോഡ് നിർമ്മാണത്തിന് ചെലവ് 36കോടി