home-

കോന്നി: നവീൻ ബാബുവിന് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു ഭാര്യയും മക്കളും. മലയാലപ്പുഴ പത്തിശേരിലെ കാരുവള്ളിൽ വീട്ടിലാണ് ഭാര്യ മഞ്ജുഷയും മക്കളും. ഇന്നലെ പത്തനംതിട്ട എ.ഡി.എമ്മായി ചാർജെടുക്കേണ്ടതായിരുന്നു നവീൻ. അതിനായി തിങ്കളാഴ്ച രാത്രി കണ്ണൂരിൽ നിന്ന് ട്രെയിനിൽ തിരിച്ച് ഇന്നലെ രാവിലെ ചെങ്ങന്നൂരിൽ എത്തുമെന്നാണ് മഞ്ജുഷയോട് പറഞ്ഞിരുന്നത്.

മഞ്ജുഷയും മക്കളായ നിരുപമയും നിരഞ്ജനയും പുലർച്ചെ നാലിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നു. പക്ഷേ, നവീൻബാബു എത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ നവിൻബാബു ട്രെയിനിൽ കയറിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്നാണ് ജീവനൊടുക്കിയ വിവരം അറിഞ്ഞത്.

നാടിന് പറയാൻ നല്ലതു മാത്രം

നവീൻ ബാബുവിനെക്കുറിച്ച് ജന്മനാടായ മലയാലപ്പുഴയിലുള്ളവർക്ക് നല്ലതേ പറയാനുള്ളൂ. മരണവിവരം അറിഞ്ഞതു മുതൽ കാരുവള്ളിൽ വീട്ടിലേക്ക് നാട്ടുകാരുടെയും ഒപ്പം ജോലി ചെയ്തിരുന്നവരുടെയും ബന്ധുക്കളുടെയും പ്രവാഹമായി. പത്തനംതിട്ട, കോന്നി, റാന്നി എന്നിവിടങ്ങളിൽ റവന്യു വകുപ്പിൽ നവീൻ ബാബു ജോലി ചെയ്തിരുന്നു. ഇവിടെയെല്ലാം മികച്ച സർക്കാർ ജീവനക്കാരൻ എന്ന പേര് നവീൻ ബാബുവിന് നേടിയെടുക്കാൻ കഴിഞ്ഞതായി ഒപ്പം ജോലിചെയ്തിരുന്നവ‌ർ പറഞ്ഞു. സാധാരണക്കാർക്കുൾപ്പെടെ ചെയ്തുകൊടുക്കാൻ കഴിയുന്ന സഹായങ്ങളിൽ ഉടൻതന്നെ അദ്ദേഹം നടപടിയെടുക്കുമായിരുന്നെന്ന് നാട്ടുകാരും പറഞ്ഞു.