
പത്തനംതിട്ട:ശബരിമല തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനം വരുത്തുന്ന ഭവിഷത്തുകൾ കേരള കൗമുദി അതിശക്തമായി ചൂണ്ടിക്കാട്ടുകയും അതുശരിവച്ച് കക്ഷിഭേദമന്യേ രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്ത് വരുകയും ചെയ്തതോടെ സർക്കാർ തിരുത്തി.
ഓൺലൈൻ ബുക്കിംഗ് രജിസ്ട്രേഷൻ നടത്താതെ വരുന്നവർക്ക് മുൻവർഷങ്ങളിലേതുപോലെ ദർശന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷങ്ങളിലേതുപോലെ എന്നു മുഖ്യമന്ത്രി പറഞ്ഞതിനർത്ഥം സ്പോട്ട് ബുക്കിംഗ് എന്നു വ്യക്തം.
ഇത്തവണ ആ പേര് മാറ്റി നിലയ്ക്കലും പമ്പയിലും ഇടത്താവളങ്ങളിലും അക്ഷയ കേന്ദ്രങ്ങൾ വഴിയാവും ബുക്കിംഗ്. സ്പോട്ട് ബുക്കിംഗിന് സമാനമായ പ്രക്രിയയാണ് ഇവിടെയും നടക്കുന്നത്. വി.ജോയിയുടെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രം ദർശനം അനുവദിച്ചാൽ മതിയെന്നായിരുന്നു ഇക്കഴിഞ്ഞ അഞ്ചിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനം. ഭക്തരുടെ സുരക്ഷയ്ക്കെന്നാണ് വിശദീകരിച്ചത്.
കഴിഞ്ഞതവണ ദർശനം കിട്ടാതെ, അന്യസംസ്ഥാനക്കാർ അടക്കം പന്തളത്തെയും മറ്റും അയ്യപ്പക്ഷേത്രങ്ങളിൽ തൊഴുതു മടങ്ങിയിരുന്നു.
മുന്നിട്ടിറങ്ങിയത് കേരള കൗമുദി
1. ഓൺലൈൻ ബുക്കിംഗ് സംവിധാനം അറിയാതെ അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കും
പരമ്പരാഗത പാതകളിലൂടെ ദിവസങ്ങളെടുത്ത് നടന്നു വരുന്നവർക്കും ദർശനം നിഷേധിക്കപ്പെടുമെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടി. ' ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം, ശബരിമല ഭക്തർ വലയും' എന്ന തലക്കെട്ടിലുള്ള മുഖ്യവാർത്തയിലൂടെ ഇക്കഴിഞ്ഞ ആറിന് വിഷയം ജനശ്രദ്ധയിൽ കൊണ്ടുവന്നു. ഇതേതുടർന്ന് വ്യാപക പ്രതിഷേധമുയർന്നു. കഥാകൃത്ത് ടി. പദ്മനാഭൻ, മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ, പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് എൻ. ശങ്കർ, അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയ പ്രമുഖർ കേരളകൗമുദിയിലെ 'വേണം സുഗമദർശനം' എന്ന പംക്തിയിലൂടെ സർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
2. സ്പോട്ട് ബുക്കിംഗ് തുടരണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനകൾ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ സർക്കാർ സമ്മർദ്ദത്തിലായി. 2018ലെ ശബരിമല സംഘർഷത്തിന് സമാനമായ സാഹചര്യം ഉരുത്തിരിയുമെന്ന് ബോധ്യം വന്നതോടെ തീരുമാനം തിരുത്താൻ സി.പി.എമ്മും സി.പി.ഐയും സർക്കാരിനോട് ആവശ്യപ്പെട്ടു.
` പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലെ വെർച്ച്വൽ ക്യൂ സമ്പ്രദായമാണ് ശബരിമലയിലും ഏർപ്പെടുത്തിയത്. അതു കുറ്റമറ്റതാക്കും'.
-പിണറായി വിജയൻ,
മുഖ്യമന്ത്രി