ശബരിമല: തുലാമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി ശബരിമല നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നിതെളിക്കും. ഇന്ന് പ്രത്യേക പൂജകളില്ല. അടുത്ത ഒരുവർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ ഉഷഃപൂജയ്ക്കുശേഷം നടക്കും. സന്നിധാനത്ത് 25ഉം മാളികപ്പുറത്ത് 15ഉം പേരാണ് അന്തിമ പട്ടികയിലുള്ളത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വർമ്മ, വൈഷ്ണവി എന്നിവരാണ് നറുക്കെടുക്കുന്നത്. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. 31നാണ് ആട്ടച്ചിത്തിര.