 
പത്തനംതിട്ട: കൃഷിചെയ്യുന്നത് കർഷകരാണെങ്കിലും വിളവെടുക്കുന്നത് ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന പന്നികൾ!. കഴിഞ്ഞ മൂന്നുവർഷമായി ചെന്നീർക്കര, മെഴുവേലി പഞ്ചായത്തുകളിലാണ് ഇൗ സ്ഥിതി. പതിനായിരക്കണക്കിന് രൂപ മുതൽ മുടക്കി ചെയ്യുന്ന കൃഷിയിൽ ഇങ്ങനെ നഷ്ടം സംഭവിക്കുമ്പോൾ ആരും തങ്ങളെ സഹായിക്കാനില്ലെന്നും ഇനി കൃഷി തുടരാനാവില്ലെന്നും കർഷകർ പറയുന്നു.
വിമുക്ത ഭടനും കർഷകനുമായ ചെന്നീർക്കര മുട്ടത്തുകോണം കിണറുവിളയിൽ ടി.ഡി രാജേന്ദ്രൻ തന്റെ ഒന്നര ഏക്കർ സ്ഥലത്ത് 750മൂട് കപ്പ, 250മൂട് പൂവൻ വാഴ, പടവലം, പാവൽ, വെണ്ട, ചേന, ചേമ്പ് തുടങ്ങിയവയാണ് കൃഷിചെയ്തത്. മാസങ്ങളുടെ പ്രയത്നം ഏതാനും ദിവസംകൊണ്ട് കാട്ടുപന്നികൾ നശിപ്പിച്ചു.
പന്നിശല്യം ആരംഭിച്ചതോടെ രണ്ടര ലക്ഷം രൂപ മുടക്കി രാജേന്ദ്രൻ കൃഷി ഭൂമിക്കു ചുറ്റും കമ്പിവേലി സ്ഥാപിച്ചെങ്കിലും ഇത് പൊട്ടിച്ചാണ് പന്നിക്കൂട്ടം കൃഷി ഭൂമിയിലേക്ക് കയറുന്നത്. കപ്പ ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ കുത്തിയിളക്കി തിന്നുകയാണ് . കുലച്ചതും അല്ലാത്തതുമായ വാഴയുടെ മാണവും നശിപ്പിക്കുന്നു. പച്ചക്കറി കൃഷികൾ കുത്തിയിളക്കും.. കർഷകരായ കൊല്ലന്റയ്യത്ത് മോഹനൻ, കാവിന്റെ കിഴക്കേതിൽ റണേന്ദ്രൻ, പൂവക്കാട്ടിൽ പ്രസാദ് എന്നിവരുടെയും കാർഷിക വിളകൾ പന്നികൾ നശിപ്പിച്ചു.
മെഴുവേലി പഞ്ചായത്തിലെ അയത്തിൽ പാടത്ത് കൃഷി ചെയ്ത അനൂപിന് ഒറ്റദിവസംകൊണ്ട് നഷ്ടമായത് വിളവെടുക്കാറായ 500മൂട് കപ്പയാണ്. പാട്ടത്തിനെടുത്ത ഭൂമിയിൽ 65000രൂപ മുടക്കിയാണ് കൃഷി നടത്തിയത്.
-------------
കാടുവളർന്നു നിൽക്കുന്ന പറമ്പുകളിലും പാടശേഖരങ്ങളിലുമാണ് പന്നികൾ താവളമാക്കുന്നത്. കാട് വെട്ടിത്തെളിച്ചാൽ ഒരു പരിധിവരെ ഇവയുടെ ശല്യം ഇല്ലാതാക്കാൻ കഴിയും. ഇവയെ തുരത്തുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യണം. ഇതിന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം.
ടി.ഡി.രാജേന്ദ്രൻ
കർഷകൻ