
റാന്നി : ശബരിമല തീർത്ഥാടകർ വിശ്രമിക്കാറുള്ള അത്തിക്കയം - അറയ്ക്കമൺ ജംഗ്‌ഷനിലെ പാർക്കിംഗ് കേന്ദ്രം ചെളിക്കുണ്ടായി. വഴിയോരങ്ങൾ പാർക്കിംഗിന് സൗകര്യമില്ലാത്തവിധം കാടുമൂടിയ നിലയിലാണ്. തീർത്ഥാടനം തുടങ്ങാനിരിക്കെ അടിസ്ഥാന സൗകാര്യങ്ങൾ ഒരുക്കിയിട്ടില്ല. അറയ്ക്കമൺ ജംഗ്‌ഷനും അത്തിക്കയം വലിയ പാലത്തിനും ഇടയ്ക്കുള്ള റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. മഴ പെയ്താൽ ഈ ഭാഗം വെള്ളക്കെട്ടാകും. ഓടയില്ലാത്തതാണ് പ്രധാന പ്രശ്നം. ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനകാലത്ത് ഇവിടെ വാഹനപാർക്കിംഗിനായി ഒഴിച്ചിട്ടിരിക്കുന്നതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പുറമെ തീർത്ഥാടകർ ഭക്ഷണം പാചകം ചെയ്യുന്നതും വഴിയോരത്താണ്. പാതയിലെ ഇരുവശങ്ങളിലെയും കാടുകൾ തെളിച്ചു അപകടഭീഷണി ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.