ചെങ്ങന്നൂർ : ജോലി ചെയ്തുകൊണ്ട് ഡോക്ടർ ഒരു ദിവസത്തെ ഉപവാസ സമരം നടത്തി. കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി മരണപ്പെട്ട യുവ വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഐ.എം.എ. സംസ്ഥാന ഹെഡ് ക്വാർട്ടേഴ്‌സ് ജോയിന്റ് സെക്രട്ടറി കൂടിയായ ചെങ്ങന്നൂർ ഡോക്ടർ ഉമ്മൻസ് ഐ ക്ലിനിക് ഉടമ ഡോ. ഉമ്മൻ വർഗീസ് സമര രംഗത്ത് എത്തിയത്. രാവിലെ 6 മുതൽ വൈകിട്ട് 6വരെ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്താണ് ഡോക്ടർ ഉപവാസ സമരം നടത്തിയത്. കൊൽക്കത്തയിൽ നീതിക്കുവേണ്ടി സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ നൽകുന്നതിന് വേണ്ടിയിട്ടാണ് രാജ്യവ്യാപകമായി ഐ.എം.എ. സമരം നടത്തിയത്. വൈകിട്ട് ആറിന് ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഡോ.ഉമ്മൻ വർഗീസിന് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.