
ഡി.സി.സി
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന മലയാലപ്പുഴ സ്വദേശി നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ആവശ്യപ്പെട്ടു.
സംശുദ്ധമായ സർക്കാർ സർവ്വീസ് ജീവിതം നയിച്ച നവീൻ ബാബുവിനെ സമ്മർദ്ദത്തിലാഴ്ത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇംഗിതം നടപ്പാക്കാൻ കഴിയാതിരുന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെ യാത്ര അയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തി അപമാനിച്ചതിന്റെ മനോവിഷമം മൂലവും, വ്യാജ കൈക്കൂലി കേസ് ചമച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി അന്വേഷണത്തിന് ഉത്തരവിട്ടതുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്.
എൻ.ജി.ഒ സംഘ്
പത്തനംതിട്ട : എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എൻ.ജി.ഒ സംഘ്. കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ വന്നെത്തി എ.ഡി.എമ്മിനെ അധിക്ഷേപിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയാണ് ആത്മഹത്യയ്ക്ക് കാരണമായത്. കുറ്റക്കാർക്കെതിരെ നരഹത്യാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് ആവശ്യപ്പെട്ടു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ.ജി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജി.അനീഷ്, ജില്ലാ സെക്രട്ടറി എം.രാജേഷ്, ജില്ലാ ട്രഷറർ പി.ആർ.രമേശ് എന്നിവർ പ്രസംഗിച്ചു.
എൻ.ജി.ഒ അസോസിയേഷൻ
പത്തനംതിട്ട : എം.കെ.നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി തുളസീരാധ , ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി.ജയകുമാർ, ബിജു ശാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.
മലയാലപ്പുഴയിൽ ഹർത്താൽ
കോന്നി : മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഹർത്താലിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തതായി പ്രസിഡന്റ് ദിലീപ് മലയാലപ്പുഴ അറിയിച്ചു.
കോന്നി : ബി.ജെ.പി മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ഇന്ന് മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തതായി ഗ്രാമപഞ്ചായത്ത് അംഗം വി.സന്തോഷ് കുമാർ അറിയിച്ചു.