
പത്തനംതിട്ട: കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അപമാനിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എ.ഡി.എം നവീൻബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെത്തിച്ചു. താങ്ങാനാവാത്ത ഹൃദയനൊമ്പരത്തോടെ സുഹൃത്തുക്കളും പഴയ സഹപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. തളർന്ന മനസും കണ്ണീരുമായി ബന്ധുക്കൾ മൃതദേഹത്തിനരികിലിരുന്നു വീർപ്പടക്കി.
ഇന്നു രാവിലെ 10ന് കളക്ടറേറ്റിൽ പൊതുദർശനം. പതിനൊന്നരയോടെ സ്വദേശമായ മലയാലപ്പുഴ പത്തിശേരിൽ കാരുവള്ളിയിൽ വീട്ടിലെത്തിക്കും. 3ന് വീട്ടുവളപ്പിൽ സംസ്കാരം. ഇന്നലെ പുലർച്ചെ 2 മണിയോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 12നാണ് പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെത്തിയത്. ജില്ല കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. കണ്ണൂർ ജില്ല കളക്ടർ അരുൺ കെ.വിജയൻ, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
18 മണിക്കൂർ വൈകി കേസ്
കേസെടുക്കുന്നത് പൊലീസ് വൈകിച്ചെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബുവും ബന്ധുക്കളും ആരോപിച്ചു. മൃതദേഹം മോർച്ചറിയിൽ വച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
1. സ്വമേധയാ എടുക്കേണ്ട കേസായിട്ടും പതിനെട്ട് മണിക്കൂർ കഴിഞ്ഞാണ് നടപടിയുണ്ടായത്. ഇന്നലെവരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. മരണത്തിൽ സംശയങ്ങളേറെയുണ്ട്. കണ്ണൂർ സിറ്റി പൊലീസ്, എസ്.പി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. വ്യാജ ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമയ്ക്കെതിരെയും പരാതി നൽകി.
2. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും പെട്രോൾ പമ്പ് സംരംഭകൻ ടി.വി. പ്രശാന്തനുമായുള്ള ഗൂഢാലോചനയുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങും.സർവീസിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് ക്ഷണിക്കാത്ത യോഗത്തിൽ വന്ന് ദിവ്യ ഉന്നയിച്ചത്.
3. ദിവ്യയ്ക്കെതിരേ നിയമ നടപടിയെടുക്കണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. നവംബർ 19 ന് കണ്ണൂരിലെ സിറ്റിംഗിൽ പരിഗണിക്കും. അഭിഭാഷകനായ വി. ദേവദാസാണ് പരാതിക്കാരൻ.