 
റാന്നി : പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരുന്ന തടികൾ നീക്കം ചെയ്തു. കൊടുംവളവുകളിൽ ഉൾപ്പടെ നിരന്ന് കിടക്കുന്ന കൂറ്റൻ തടികൾ അപകടങ്ങൾക്ക് കാരണമാകുന്നത് സംബന്ധിച്ച് കേരള കൗമുദി ഒക്ടോബർ 11ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് റാന്നി - അത്തിക്കയം റോഡിലെ തടികൾ നീക്കം ചെയ്യാൻ തുടങ്ങിയത്. പലയിടങ്ങളിലും വാഹനങ്ങൾക്ക് സൈഡ് നൽകാൻ പോലും കഴിയാത്ത വിധമാണ് തടികൾ ഇട്ടിരിക്കുന്നത് . റോഡിന്റെ വശങ്ങൾ തടി സൂക്ഷിക്കാനുള്ള ഇടമല്ലെന്നും റോഡരികിൽ തടികൾ ഇടുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവുകൾ ഉണ്ടെങ്കിലും കച്ചവടക്കാർ ഇത് വകവയ്ക്കാറില്ല. ഏറെ തിരക്കുള്ള സമയങ്ങളിൽ പോലും റോഡ് ബ്ലോക്ക് ചെയ്ത് വലിയ ക്രെയിൻ ഉൾപ്പടെ ഉപയോഗിച്ച് ലോറികളിലേക്ക് തടികൾ കയറ്റുന്നവരുണ്ട്. റാന്നി - അത്തിക്കയം - പെരുനാട് റോഡിൽ നിരവധിയിടത്ത് തടികൾ കൂട്ടിയിട്ടിരുന്ന. റോഡ് വീതി കൂട്ടുന്ന ജോലികൾ നടന്നു വരുന്ന ഭാഗങ്ങളിൽ തടികൾ കിടന്നിരുന്നതിനാൽ നിർമ്മാണം വൈകുകയും ചെയ്യുന്നതായി പരാതി ഉണ്ടായിരുന്നു. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.