
പത്തനംതിട്ട : നിരാലംബരായ നിരവധി കുട്ടികൾ പുതിയൊരു ജീവിതത്തിനായി കാത്തിരിക്കുകയാണ് ഫോസ്റ്റർ കെയർ പദ്ധതിയിലൂടെ. ജില്ലാശിശുസംരക്ഷണ യൂണിറ്റും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചേർന്ന് നടപ്പാക്കുന്ന ഫോസ്റ്റർ കെയർ പദ്ധതി പകരുന്നത് വലിയ പ്രതീക്ഷയാണ്. സ്വന്തം വീട്ടിൽ വളരാൻ സാഹചര്യം ഇല്ലാത്തവരോ അനാഥരാക്കപ്പെട്ടവരോ ആയ കുട്ടികളാണ് പദ്ധതിയിലുള്ളത്. ആറ് വയസ് മുതലുള്ളവർ ഇതിൽപ്പെടും.
പദ്ധതി ഇങ്ങനെ
ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കുടുംബാന്തരീക്ഷത്തിൽ ജീവിക്കാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 30 ശിശു സംരക്ഷണ സ്ഥാപനങ്ങളിലായി 448 കുട്ടികൾ സംസ്ഥാനത്തുണ്ട്.
കിൻഷിപ്പ് ഫോസ്റ്റർ കെയർ
ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലുളള മിക്ക കുട്ടികൾക്കും ബന്ധുക്കളുടെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം. എന്നാൽ സാമ്പത്തികമായി പരിതാപകരമായ അവസ്ഥയിലായിരിക്കും ബന്ധുക്കൾ. ഈ സാഹചര്യത്തിലാണ് സനാതന ബാല്യം പദ്ധതിയുടെ ഭാഗമായി കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. അടുത്ത ബന്ധുക്കളായ മുത്തശ്ശി മുത്തശ്ശൻമാർ, അമ്മാവൻമാർ, അമ്മായിമാർ അല്ലെങ്കിൽ കുട്ടികൾ ഇല്ലാത്ത മറ്റുളളവർ എന്നിവർക്ക് പദ്ധതിയിലൂടെ കുട്ടികളെ ഏറ്റുവാങ്ങാം. താൽപര്യമുള്ളവർക്ക് വനിതാശിശു വികസന വകുപ്പിന്റെ കീഴിലുളള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയിലുള്ള റിപ്പോർട്ട് പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി പരിശോധിച്ച് ഉചിതമായ കുടുംബങ്ങളിലേക്ക് കുട്ടികളെ അയയ്ക്കും.
എങ്ങനെ അപേക്ഷിക്കാം
സാമ്പത്തിക ഭദ്രതയുളള 35 വയസ് പൂർത്തീകരിച്ച വ്യക്തികൾക്കോ ദമ്പതികൾക്കോ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം തിരിച്ചറിയൽരേഖ, കുടുംബ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറെൻസ് സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കണം. https://carings.wcd.gov.in/ വെബ്‌സൈറ്റിലും രജിസ്റ്റർചെയ്യാം.
വിവരങ്ങൾക്ക്
ജില്ലാചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില, മിനിസിവിൽ സ്റ്റേഷൻ, ആറൻമുള, പത്തനംതിട്ട - 689533.
ഫോൺ : 04682319998, 7012374037.
പുതിയൊരു ജീവിതം ആഗ്രഹിക്കുന്ന നിരവധി കുട്ടികൾ ഫോസ്റ്റർ കെയറിലുണ്ട്. ഒരു കുട്ടിയെ വളർത്താൻ മനസും സാമ്പത്തിക ഭദ്രതയും ഉണ്ടെങ്കിൽ അപേക്ഷ നൽകാം.
ഫോസ്റ്റർ കെയർ അധികൃതർ