photo
പ്രമാടം കൃഷി ഭവന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം ഇറിഗേഷൻ തോട് വഴി സമീപത്തെ പാടത്തേക്ക് പോകുന്നു

പ്രമാടം : പ്രമാടം കൃഷി ഭവന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകുന്നത് നിരവധി ഉപഭോക്താക്കളുടെ കുടിവെള്ളം മുടക്കുന്നതിനൊപ്പം കർഷകർക്കും ദുരിതമാകുന്നു. കൃഷി ഭവന് മുന്നിലെ കലുങ്കിന് അടിയിലായാണ് പ്രധാന പൈപ്പ് ലൈൻ പൊട്ടിയൊഴുകുന്നത്. ഒരു മാസമായി ഇവിടെ ചോർച്ചയുണ്ട്. ഇപ്പോൾ പൊട്ടൽ വലുതാവുകയും പമ്പിംഗ് സമങ്ങളിൽ തോടുപോലെയാണ് വെള്ളം ഒഴുകുന്നതും. ക്ളോറിൻ കലർന്ന വെള്ളം ഇറിഗേഷൻ തോട് വഴി സമീപത്തെ പാടശേഖരത്തിലേക്ക് എത്തുന്നുണ്ട്. മഴ പെയ്യുന്നതിനാൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് പൈപ്പ് പൊട്ടിയൊഴുകുന്ന ക്ളോറിൽ കലർന്ന വള്ളം കൂടി കൃഷിയിടങ്ങളിലേക്ക് അമിതമായി എത്തുന്നത്. ചീര, പാവൽ, പടവലം, പയർ തുടങ്ങിയ കൃഷികളാണ് ഇപ്പോൾ ഉള്ളത്. മഴ വെള്ളത്തിനൊപ്പം ക്ളോറിൻ കലർന്ന പൈപ്പ് വെള്ളം കൂടി എത്തുന്നതോടെ കൃഷികൾ വേരും തണ്ടും അഴുകി നശിച്ചു തുടങ്ങിയതായി കർഷകർ പറഞ്ഞു.

പരാതി പറഞ്ഞ് മടുത്ത് നാട്ടുകാർ

നാട്ടുകാരും ജനപ്രതിനിധികളും കർഷകരും നിരവധി തവണയാണ് കോന്നി ജല അതോറിറ്റി ഓഫീസിൽ പരാതിപ്പെട്ടിട്ടുള്ളത്. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ കോന്നി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും നേരിട്ടെത്തി പരാതി പറഞ്ഞാൽ

ജീവനക്കാർ വേണ്ട ഗൗരവം കാണിക്കാറുമില്ലെന്ന ആക്ഷേപവും ശക്തമാണ്. ആദ്യം ചെറിയ രീതിയിലായിരുന്നു വെള്ളം നഷ്ടമായിരുന്നത്. അന്ന് മുതൽ വാർഡ് മെമ്പർ ഉൾപ്പടെയുള്ളവർ പരാതിപ്പെടുന്നുണ്ട്.

പ്രധാന പൈപ്പുലൈൻ

അധികൃതരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ വലിയ തകർച്ചയ്ക്ക് കാരണം. പ്രമാടം കുടിവെള്ളപദ്ധതിയുടെ കുളപ്പാറ ടാങ്കിൽ നിന്ന് പൂങ്കാവ് ഉൾപ്പടെയുള്ള ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയിരിക്കുന്നത്.

.................................

ബ്ളീച്ചിംഗ് പൗഡർ കലർന്ന വെള്ളം പാടത്തേക്ക് എത്തുന്നത് കൃഷിയെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ചീരയും മറ്റ് കൃഷികളും വേരും തണ്ടും അളിഞ്ഞ് നശിച്ചുതുടങ്ങി. നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ നിരവധി കർഷകരുടെ ഉപജീവനമാർഗമായ കൃഷി നശിക്കും. വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാകും.

സജി കുഴിപ്പറമ്പിൽ

(കർഷകൻ )