17-sob-ashraf-t-s

പന്തളം: എം.സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ വ്യാപാരി മരിച്ചു. തൃപ്പൂണിത്തുറ ഒന്നാംനമ്പർ എ.ആർ. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പന്തളം മങ്ങാരം തേവാലയിൽ പരേതനായ സുലൈമാൻ റാവുത്തറുടെ മകൻ ടി.എസ്. അഷറഫ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ന് കുളനട കൈപ്പുഴ വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ജീപ്പ് എതിർദിശയിൽ നിന്ന് വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഷറഫ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മുട്ടാർ തേവാലപ്പടിയിൽ എസ്.എസ് കോഴിക്കട നടത്തുന്ന അഷറഫ് കോഴിയെ വാങ്ങാൻ മുളക്കുഴയിലേക്ക് പോയതാണ്. അസിസ്റ്റന്റ് കമാൻഡർ വിനോദ് കുമാർ (53), ജീപ്പ് ഡ്രൈവർ കോഴിക്കോട് കുന്നമംഗലം താഴേ മറവാട്ടിൽ അർജുൻ (29), പൊലീസ് റൈറ്റർ എറണാകുളം മുളവുക്കാട് പണ്ടാരപ്പറമ്പിൽ വിഷ്ണുപ്രസാദ് (32) എന്നിവർക്കും കാറിന് പിന്നിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന പരുമല ആശുപത്രിയിലെ നഴ്‌സ് പന്തളം പൊങ്ങലടി മലമുറ്റത്ത് ഡോളി തോമസ് (39) നുമാണ് പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥരെ അടൂർ താലൂക്ക് ആശുപത്രിയിലും സ്‌കൂട്ടർ യാത്രക്കാരിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവാസിയായിരുന്ന അഷറഫ് രണ്ടു വർഷമായി മുട്ടാർ ജംഗ്ഷനിൽ കച്ചവടം നടത്തുകയായിരുന്നു. കബറടക്കം നടത്തി. ഭാര്യ: റജീന. മക്കൾ: നൂറാ, ഷമീറ. മരുമകൻ: അജ്മൽ.