
കോന്നി: കണ്ണൂർ എ.ഡി.എം കെ.നവീൻബാബുവിന്റെ വിയോഗത്തിൽ തകർന്ന മനസുമായി കഴിയുകയാണ് കുടുംബം. ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷയെയും മക്കളായ നിരുപമ, നിരഞ്ജന എന്നിവരെയും
സന്ദർശിക്കുന്നതിൽ നിന്ന് മാദ്ധ്യമപ്രവർത്തകരെ ബന്ധുക്കൾ വിലക്കി.
ജനപ്രതിനിധികളെയും അടുത്ത ബന്ധുക്കളെയും മാത്രമേ വീടിനുള്ളിലേക്ക് കയറ്റുന്നുള്ളു.പത്തനംതിട്ട സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, പ്രമോദ് നാരായണൻ എം.എൽ.എ, മുൻ എം.എൽ.എ രാജുഏബ്രഹാം, മൃതദേഹത്തെ അനുഗമിച്ച
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ
തുടങ്ങിയവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
മഞ്ജുഷയുടെ അമ്മാവൻ ബാലകൃഷ്ണൻ നായരും നവീൻ ബാബുവിന്റെ സഹോദരനും ഹൈക്കോടതി അഭിഭാഷകനുമായ പ്രവീൺ ബാബുവും മാത്രമാണ് മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചത്.
നേരത്തെ, പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെത്തിച്ച മൃതദേഹത്തിൽ എം.എൽ.എമാരായ കെ.യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായണൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.