
പത്തനംതിട്ട/കൊച്ചി: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് വീണ്ടും അനുവദിക്കാൻ തീരുമാനിച്ചതോടെ, ഓൺലൈൻ ബുക്കിംഗിന്റെ എണ്ണം എൺപതിനായിരത്തിൽ നിന്ന് എഴുപതിനായിരമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വെട്ടിക്കുറച്ചു. നവംബർ 15 മുതൽ ജനുവരി 19 വരെ നടക്കുന്ന മണ്ഡല, മകരവിളക്ക് കാലത്തേക്കുള്ള ഓൺലൈൻ ബുക്കിംഗ് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ചു. ആറരയോടെ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗങ്ങളായ അഡ്വ.എ.അജികുമാറും ജി.സുന്ദരേശ്വനും സന്നിധാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഒക്ടോ.അഞ്ചിന് ചേർന്ന അവലോകനയോഗത്തിലാണ് എൺപതിനായിരം പേർക്ക് ദർശനം അനുവദിക്കാൻ തീരുമാനിച്ചിരുന്നത്. അതിലാണ് മാറ്റം വരുത്തിയത്.
കഴിഞ്ഞ സീസണിൽ ഇരുപതിനായിരത്തോളം പേർ പ്രതിദിനം സ്പോട്ട് ബുക്കിംഗിലൂടെ ദർശനം നടത്തിയിരുന്നു. അന്ന് ഓൺലൈൻ ബുക്കിംഗിലൂടെ എൺപതിനായിരം പേർക്കും തിരക്ക് നിയന്ത്രണാതീതമായപ്പോൾ, എഴുപതിനായിരം പേർക്കും ദർശനം അനുവദിച്ചിരുന്നു. ആ എഴുപതിനായിരമായാണ് ഇക്കുറി തുടക്കം മുതൽ പരിമിതപ്പെടുത്തിയിരിക്കുന്നത്. ഫലത്തിൽ ഓരോ ദിവസത്തെയും തീർത്ഥാടകരുടെ മൊത്തം എണ്ണം നിശ്ചിത പരിധി കടന്നു പോകാതിരിക്കാനാണ് ബോർഡ് എണ്ണം വെട്ടിക്കുറച്ചത്. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ കേരളകൗമുദി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് വീണ്ടും അത് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാൻ പാടില്ലെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ചിന്റേതാണ് നടപടി. ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാറാണ് അഡ്വ.ടി.കെ. അനന്തകൃഷ്ണൻ മുഖേന ഹർജി നൽകിയത്. ഹർജി 24ന് പരിഗണിക്കാൻ മാറ്റി. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 6ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയടക്കം കോടതിയിൽ ഹാജരാക്കി.
`മണ്ഡലകാലത്തെ തിരക്കിനനുസരിച്ച് എണ്ണം കൂട്ടുന്ന കാര്യം പരിഗണിക്കും.'
-പി.എസ് പ്രശാന്ത്
തിരുവിതാംകൂർ ദേവസ്വം
ബോർഡ് പ്രസിഡന്റ്