naveen-babu

പത്തനംതിട്ട : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ റവന്യു വകുപ്പ് ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. കളക്ടറേറ്റിൽ 137 പേർ അവധിയെടുത്തതിനെ തുടർന്ന് പ്രവർത്തനം സ്തംഭിച്ചു. താലൂക്ക് കേന്ദ്രങ്ങളിലും ജീവനക്കാർ പ്രതിഷേധം ശക്തമാക്കി. വില്ലേജ് ഓഫീസുകളുടെയും താലൂക്ക് ഓഫീസുകളുടെയും പ്രവർത്തനം തടസപ്പെട്ടു. കറുത്ത ബാഡ്ജ് ധരിച്ച് എത്തിയ ജീവനക്കാർ നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തി. യു.ഡി.എഫും ബി.ജെ.പിയും മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ദിലീപ് കുമാർ പൊതീപ്പാട്, വി.സി.ഗോപിനാഥ പിള്ള, പി.അനിൽ, പ്രമോദ് താന്നിമൂട്ടിൽ, സിനി ലാൽ ആലുനിൽക്കുന്നതിൽ, ശശീധരൻ നായർ പാറയരുകിൽ എന്നിവർ ഹർത്താലിന് നേതൃത്വം നൽകി.

കെ.സുധാകരനും വി.ഡി.സതീശനുമെത്തി

പത്തനംതിട്ട : നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ സന്ദർശനം നടത്തി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മക്കൾ എന്നിവരോട് അവർ വിവരങ്ങൾ ആരാഞ്ഞു.
ആന്റോ ആന്റണി എം.പി, അഡ്വ.ഷാനിമോൾ ഉസ്മാൻ, അഡ്വ.എം.ലിജു, അഡ്വ.പഴകുളം മധു, ജോസഫ് എം.പുതുശ്ശേരി, മാലേത്ത് സരളാദേവി, വർഗീസ് മാമ്മൻ, ജോർജ് മാമ്മൻ കൊണ്ടൂർ, എ.ഷംസുദ്ദീൻ, ഫിൽസൺ മാത്യൂസ്, എബി കുര്യാക്കോസ്, അനീഷ് വരിക്കണ്ണാമല, സാമുവൽ കിഴക്കുപുറം, എ.സുരേഷ് കുമാർ, എം.എസ്.പ്രകാശ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

അനുശോചന യോഗം

നവീൻ ബാബുവിന്റെ സംസ്​കാര ചടങ്ങുകൾക്ക് ശേഷം ഇന്ന് വൈകിട്ട് 4ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടക്കും.