കോഴഞ്ചേരി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെ എസ്.എഫ്.ഐ വിദ്യാർത്ഥികൾ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയതായി പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകൻ ഷാജു.വി.ജോണിനെയാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിൽ വാഹനം തടഞ്ഞ് നിറുത്തി ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കോളേജിലെ എൻ.സി.സി യുടെ ചുമതലക്കാരനായ ഷാജു യൂണിയൻ തിരഞ്ഞെടുപ്പിൽ കേഡറ്റുകൾക്ക് മത്സരിക്കുന്നതിന് നിയന്ത്രണം ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച തർക്കമാണ് ഭീഷണിക്ക് കാരണമെന്നാണ് സൂചന.അദ്ധ്യാപകൻ നൽകിയ പരാതി കോളേജ് പ്രിൻസിപ്പൽ ആറന്മുള പൊലീസിന് കൈമാറി. ഭീഷണി മുഴക്കിയതിന് പുറമെ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു.