sabarimala

ശബരിമല: കൊല്ലം ശക്തികുളങ്ങര തോട്ടത്തിൽ മഠം നാരായണീയത്തിൽ എസ്. അരുൺകുമാർ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. കോഴിക്കോട് പന്തീരങ്കാവ് കെെമ്പാലം തിരുമംഗലത്ത് ഇല്ലത്തിൽ ടി. വാസുദേവൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. നിലവിൽ മാങ്കാവ് ത്രിശാല ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തിയാണ് ഇദ്ദേഹം. കൊല്ലം ലക്ഷ്മിനട മഹാലക്ഷ്മി ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇപ്പോൾ അരുൺകുമാർ നമ്പൂതിരി.

വൃശ്ചികം ഒന്നു മുതൽ ഒരുവർഷക്കാലം ഇരുവരും പുറപ്പെടാ മേൽശാന്തിമാരാകും. പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ്മ, വൈഷ്ണവി എന്നീ കുട്ടികളാണ് നറുക്കെടുത്തത്. ഇന്നലെ രാവിലെ ഉഷഃപൂജയ്ക്കു ശേഷം സോപാനത്തായിരുന്നു ശബരിമല മേൽശാന്തി നറുക്കെടുപ്പ്. പട്ടികയിലെ 24 പേരുകൾ ഓരോന്നായി ഒരു വെള്ളിക്കുടത്തിൽ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തിൽ 23 വെള്ളപ്പേപ്പറും മേൽശാന്തി എന്ന് എഴുതിയ ഒരു പേപ്പറും ഇട്ടു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവര് കുടങ്ങൾ ശ്രീലകത്തേക്ക് കൊണ്ടുപോയി. പൂജിച്ച ശേഷം അത് സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷണന് കൈമാറി. ഋഷികേശ് വർമ്മയാണ് നറുക്കെടുത്തത്. 17-ാമത്തെ നറുക്കിൽ അരുൺകുമാർ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രസന്നിധിയിൽ നടന്നു. 15 പേരാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. വൈഷ്ണവി നറുക്കെടുത്തു. 13-ാമത്തെ നറുക്കിലാണ് വാസുദേവൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്.

ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരുടെ മേൽനോട്ടത്തിൽ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ് , സെക്രട്ടറി എസ്.ബിന്ദു, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ മുരാരിബാബു, ദേവസ്വം വിജിലൻസ് എസ്.പി വി.സുനിൽകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.