തിരുവല്ല : മുൻവർഷങ്ങളിൽ 14 ഇടത്താവളങ്ങളിൽ ഉണ്ടായിരുന്ന സ്പോട്ട് ബുക്കിംഗ് പുനരാരംഭിക്കാത്തത്, അന്യസംസ്ഥാനങ്ങളിലെ ഉൾപ്പെടെയുള്ള ട്രാവൽ ഏജൻസികളെ സഹായിക്കാനുള്ള ഗൂഡലക്ഷ്യമാണെന്ന് അയ്യപ്പസേവാസംഘം ദേശീയസെക്രട്ടറി ഡി.വിജയകുമാർ ആരോപിച്ചു. അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണ്. മുൻകാലങ്ങളിൽ ശബരിമലയെ തകർക്കുവാനും തൃശൂർപൂരം കലക്കാനും ഇടപെട്ട ദുഷ്ടശക്തികൾ ഈ നീക്കത്തിന്റെ പിന്നിലുമുണ്ട്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് അയ്യപ്പസേവാസംഘം നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് ലാൽ നന്ദാവനം അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ, ശശിധരൻപിള്ള, എ.ജി.ജയദേവൻ, ശ്രീജിത്ത് മുത്തൂർ,ശശി കളറിൽ, ടി.കെ,ശശികുമാർ, മാതൃസമിതി ഭാരവാഹികളായ വിജയമ്മ, ലത റെജി, പൊന്നമ്മ എന്നിവർ സംസാരിച്ചു.