ക്ഷണിക്കപ്പെടാത്ത ലോകത്തേക്ക് നവീൻബാബുവിനെ യാത്രയയച്ച് നാട്

പത്തനംതിട്ട : എ.ഡി.എമ്മായി ചുമതലയേറ്റെടുക്കേണ്ട പത്തനംതിട്ട കളക്ടറേറ്റിൽ ഇന്നലെ നവീൻ ബാബുവെത്തിയത് ചേതനയറ്റ്. രാവിലെ 10 മുതൽ 11 വരെ കളക്ടറേറ്റിൽ പൊതു ദർശനത്തിന് വച്ച മൃതദേഹം കാണാൻ സഹപ്രവർത്തകരെ കൂടാതെ നാനാതുറകളിൽ നിന്നും ആളുകളെത്തി. വികാരനിർഭരമായ യാത്രയയപ്പാണ് സഹപ്രവർത്തകർ അദ്ദേഹത്തിന് നൽകിയത്. പലരും ദു:ഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു. കളക്ടറേറ്റ് കവാടം മുതൽ വലിയ ജനക്കൂട്ടമായിരുന്നു. ആദരാഞ്ജലി അർപ്പിക്കാനെത്തിയ വിഴിഞ്ഞം തുറമുഖ ഡയറക്ടർ ദിവ്യ എസ്. അയ്യർ മൃതദേഹത്തിനരികിൽനിന്ന് വിതുമ്പിക്കരഞ്ഞു. പൂർണമായും നിശ്ചലമായ അവസ്ഥയിലായിരുന്നു ഇന്നലെ കളക്ടറേറ്റ്. ഓഫീസുകളെല്ലാം ശൂന്യം.
ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ കളക്ടറേറ്റിൽ അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് മൃതദേഹം വിലാപ യാത്രയായി മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ എത്തിച്ചു. സംസ്കാരത്തിന് ശേഷമാണ് സഹപ്രവർത്തകർ മടങ്ങിയത്.

മന്ത്രി വീണാ ജോർജ്,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി കെ. രാജൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. മാത്യു ടി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ് .കെ. ഉമേഷ്, പത്തനംതിട്ട ജില്ല കളക്ടർ എസ്. പ്രേംകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ല പഞ്ചായത്തംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ, കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, അടൂർ പ്രകാശ്,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.