
മലയാലപ്പുഴ: കുത്തുവാക്കുകളേറ്റ് ജീവിതത്തോട് വിടപറഞ്ഞ എ.ഡി.എം നവീൻ ബാബുവിനെ നാട് ഉള്ളുലഞ്ഞ വേദനയോടെ യാത്രയാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട കളക്ടറേറ്റിലെ പൊതുദർശനത്തിനുശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിൽ വിലാപയാത്രയായി 11.30ഓടെ മൃതദേഹം മലയാലപ്പുഴ പത്തിശേരിയിലെ വീട്ടിലെത്തിച്ചു. ഭാര്യ മഞ്ജുഷയും മക്കളായ നിരഞ്ജനയും നിരുപമയും ബന്ധുക്കളും അടക്കാനാവാത്ത വിതുമ്പലോടെ മൃതദേഹത്തിനരികിലെത്തി.
ബന്ധുക്കളും നാട്ടുകാരും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിച്ചു. സുഹൃത്തുക്കളിൽ പലരും ദുഃഖം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. രണ്ട് മണിക്കൂറിലേറെ പൊതുദർശനം നീണ്ടു. തുടർന്ന് 3.45ഓടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു. മറ്റുള്ളവരെ മാറ്റി നിറുത്തി ഇളയമകൾ നിരുപമ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിനായി സ്വയം മുന്നോട്ടുവന്നു. സഹോദരി നിരഞ്ജന നിരുപമയെ ചേർത്തുപിടിച്ച് വിതുമ്പുന്നുണ്ടായിരുന്നു. നിരഞ്ജനയും സഹോദരിയുടെ മകൾ സുഷമയും ഭർത്താവ് ശംഭുവും സഹോദരന്റെ മകൻ സൂര്യ ശങ്കറും അന്ത്യകർമ്മങ്ങൾ ചെയ്തു. തുടർന്ന് നിരുപമ ചിതയ്ക്ക് തീകൊളുത്തി.
മന്ത്രി കെ.രാജൻ, കെ.യു.ജനീഷ് കുമാർ എം.എൽ.എ, രാജു ഏബ്രഹാം എന്നിവർ ചേർന്നാണ് മൃതദേഹം വീടിന്റെ പിറകിൽ തെക്കുവശത്തായി ഒരുക്കിയ ചിതയിലേക്ക് എത്തിച്ചത്. മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസ്കാരം പൂർത്തിയാകുന്നതുവരെ വീട്ടിലുണ്ടായിരുന്നു. ചിതയ്ക്ക് ചുറ്റും വലംവച്ച് കർമ്മങ്ങൾ അവസാനിക്കുന്നതുവരെ നിർവികാരിതയായിരുന്ന നിരുപമയെ ബന്ധുക്കൾ വീടിനുള്ളിലേക്ക് കൊണ്ടുപോയി.