
പത്തനംതിട്ട: വിഴിഞ്ഞം പോർട്ട് എം.ഡിയും പത്തനംതിട്ട ജില്ല മുൻ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യർ നവീൻബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്പിക്കരഞ്ഞു. മന്ത്രിമാരായ കെ. രാജനും വീണാജോർജും ദിവ്യയെ ആശ്വസിപ്പിച്ചു. വീണാജോർജും വിതുമ്പി. ദിവ്യ കളക്ടറായിരിക്കെ റാന്നി തഹസീൽദാരായിരുന്ന നവീൻബാബുവിന്റെ പ്രവർത്തനങ്ങളെ ദിവ്യ അനുസ്മരിച്ചു.
'ആരെയും നോവിക്കാനറിയാത്ത ഒരു നവീനെയാണ് എനിക്കറിയാവുന്നത്. സഹാനുഭൂതിയോടെ ആരെയും കാണുന്ന രീതിയായിരുന്നു. എനിക്കിപ്പോഴും ഇതൊന്നും വിശ്വസിക്കാനാവുന്നില്ല. രാവും പകലും ഒപ്പമിരുന്ന് ജോലിചെയ്തയാളാണ്. വളരെ ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. പ്രളയ നാളുകളിൽ ദൂരസ്ഥലങ്ങളിലെ ആളുകൾക്ക് ഏത് പാതിരാത്രിയിലും ഭക്ഷണം എത്തിക്കാനും മറ്റും ഒപ്പമുണ്ടായിരുന്നു. ശബരിമല തീർത്ഥാടനകാലത്തും മികച്ച സഹകരണമായിരുന്നു. ഡെപ്യൂട്ടി കളക്ടറായി കാസർകോട്ടേക്ക് പോവുകയാണെന്നു പറയാൻ കളക്ടറേറ്റിലെ ചേംബറിലെത്തുമ്പോഴാണ് അവസാനമായി കണ്ടത്. അന്ന് ഒരുമിച്ച് ഫോട്ടോയെടുത്തു. പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു. നവീൻ ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇങ്ങനെ കാണേണ്ടിവന്നതിൽ തീരാത്ത വേദനയുണ്ട്."