പത്തനംതിട്ട : നവീൻബാബു ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ പി.ബി നൂഹ് ഫേസ് ബുക്കിൽ കുറിച്ചു. സ്‌നേഹപൂർണമായ പെരുമാറ്റത്തിന്റെയും സഹാനുഭൂതിയുടെയും പങ്കുപറ്റിയ ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും.
വെള്ളപ്പൊക്കത്തിൽ വോളണ്ടിയർമാരുടെ ഏകോപനം നവീൻ ബാബുവിനെയാണ് ഏൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ പ്രമാടത്ത് മാസങ്ങളോളം പ്രവർത്തിച്ചിരുന്ന ഫ്‌ളഡ് റിലീഫ് മെറ്റീരിയൽ കളക്ഷൻ സെന്ററിൽ വെളുപ്പിന് മൂന്നുമണി വരെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിനെയാണ് എനിക്ക് പരിചയമെന്നും അദ്ദേഹം പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും ജോലികൾ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. 2019 ലെ കൊവിഡ് കാലത്ത് തിരുവല്ലയിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് ക്വാറന്റൈൻ സെന്റർ പരാതികൾ ഏതുമില്ലാതെ മികച്ച രീതിയിൽ ഏകോപിപ്പിച്ചതും നവീനായിരുന്നു. സഹപ്രവർത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വർഷക്കാലം ഒരു പരാതിയും കേൾപ്പിക്കാത്ത ഉദ്യോഗസ്ഥരിൽ ഒരാളാണ് അദ്ദേഹം. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള വ്യക്തിയാണ്. ദൗർഭാഗ്യകരമായ സംഭവത്തിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ മുതൽ സംസ്കാര ചടങ്ങുകൾ അവസാനിക്കും വരെ അദ്ദേഹം മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു .