 
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവായ മിത്രപ്പുഴ കടവ് ശോച്യാവസ്ഥയിൽ. തീർത്ഥാടകർ സ്‌നാനഘട്ടമായി ഉപയോഗിക്കുന്ന കടവാണിത്. കൽക്കെട്ടുകളിൽ കാടുവളർന്ന സ്ഥിതിയാണ്. ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതോടെ ഇടത്താവളമായ ചെങ്ങന്നൂരിലെ ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കും. പക്ഷേ കടവ് ശുചീകരിക്കാൻ നടപടിയില്ല. വെള്ളത്തിൽ മുങ്ങിയ പടവുകളിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. അലുമിനിയം പൈപ്പ് വേലി തകർന്ന നിലയിലാണ്. പമ്പയാറ്റിലൂടെ ഒഴുകിയെത്തിയ മരച്ചില്ലകളും മറ്റ് മാലിന്യങ്ങളും കടവിൽ അടിഞ്ഞുകൂടി. നഗരസഭയും ദേവസ്വംബോർഡും ഇറിഗേഷൻ വകുപ്പും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അപകടകരമായ സ്ഥിതിയാണ് കടവിലെന്ന് ഭക്തർ പറയുന്നു. എത്രയുംവേഗം മാലിന്യവും മണ്ണും ചെളിയും നീക്കംചെയ്ത് തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
.................
കടവിന്റെ ദുരവസ്ഥ സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. അധികൃതർ ഇടപെട്ട് കടവ് പ്രവർത്തനസജ്ജമാക്കാൻ നടപടികൾ സ്വീകരിക്കണം.
ആതിര ഗോപൻ
(നഗരസഭ കൗൺസിലർ)